റിയാദ് /പാലക്കാട് : സൗദി അറേബ്യയിലെ ദമാമിൽ തന്റെതല്ലാത്ത കുറ്റത്താൽ മാസങ്ങളോളം ജയിലിൽ കഴിഞ്ഞ യുവാവിനു വി.കെ.ശ്രീകണ്ഠൻ എംപിയുടെയും റിയാദ് ഒഐസിയുടെയും ഇടപെടലിൽ മോചനവും നാട്ടിൽ താൽക്കാലിക ജോലിയും. ദമാമിൽ കണ്ടെയ്നർ ലോറി ഡ്രൈവറായിരുന്ന കോങ്ങാട് പിടിയേക്കൽ പി.എം.ഹാരിസിനാണ് സഹായം ലഭിച്ചത്. മാലിന്യം നീക്കം ചെയ്യുന്ന ലോറിയുടെ സാങ്കേതിക തകരാർ മൂലം അഴുക്കു വെള്ളം പുറത്തുവന്നത് സൗദി സ്വദേശിയുടെ കാറിൽ പതിച്ചു എന്നു പറഞ്ഞാണ് ഹാരിസിനെ ജയിലിലാക്കിയത്.ഒരു വർഷത്തെ ജയിൽവാസവും അതിന് പുറമേ ഏതാണ്ട് ഒന്നരലക്ഷത്തോളം രൂപ പിഴ അടയ്ക്കുകയും ചെയ്യണമെന്നായിരുന്നു വിധി. ഏഴു മാസത്തോളം ഹാരിസ് ജയിലിൽ കിടന്നു.
ഈ വിഷയവുമായി ഹാരിസിന്റെ ഭാര്യ സഫ്നയും മൂന്നു മക്കളും വി.കെ.ശ്രീകണ്ഠൻ എംപിയെ നേരിൽകണ്ടു സഹായം അഭ്യർത്ഥിച്ചു. എംബസി വഴി ശ്രമം നടത്തിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല. തുടർന്ന് അവർ റിയാദ് ഒഐസിസിയുടെ സഹായം തേടി. പിഴ അടയ്ക്കാനുള്ള തുക സംഘടന പിരിച്ചെടുത്തു. ഒഐസിസി റിയാദ് പ്രസിഡന്റ് സലീം കളക്കര, ഗ്ലോബൽ കമ്മിറ്റി അംഗം ഷിഹാബ് കൊട്ടുകാട്,
സീനിയർ വൈസ് പ്രസിഡന്റ് മുഹമ്മദലി മണ്ണാർക്കാട്, ഹക്കീം പട്ടാമ്പി, മൊയ്തീൻ, അൻസാർ എന്നിവരുടെ നേതൃത്വത്തിൽ ജയിൽമോചനത്തിനുള്ള ശ്രമം ആരംഭിച്ചു. എന്നാൽ, സംഘടനയുടെ പരിശ്രമത്താൽ പിഴ അടയ്ക്കാതെ തന്നെ ജയിൽ മോചനം സാധ്യമായി. കഴിഞ്ഞ ദിവസം സംഘടനയുടെ സഹായത്തോടെ നാട്ടിലെത്തിയ ഹാരിസ് കുടുംബാംഗങ്ങൾക്കൊപ്പം എംപിയെ കാണാനെത്തി. ഹാരിസിനൊപ്പം എംപിയുടെ വീട്ടിലെത്തിയ ഒഐസിസി ഭാരവാഹികൾ ധനസഹായമായി ഒരു തുക കൈമാറി.അതോടൊപ്പം ഹാരിസിന് മണ്ണാർക്കാട്ടെ ഒരു സർക്കാർ ഓഫീസിൽ ഒഴിവുവരുന്ന താൽക്കാലിക ഡ്രൈവർ ജോലി എംപി ഇടപെട്ടു ശരിയാക്കിക്കൊടുത്തു.
ചടങ്ങിൽ മുഹമ്മദലി മണ്ണാർക്കാട് ഒഐസിസി റിയാദ് സീനിയർ വൈസ് പ്രസിഡന്റ്, ഹക്കീം പട്ടാമ്പി സെക്രട്ടറി റിയാദ് സെൻട്രൽ കമ്മിറ്റി,
മൊയ്‌ദീൻ മണ്ണാർക്കാട് ജനറൽ സെക്രട്ടറി പാലക്കാട് ജില്ലാ കമ്മിറ്റി,
അൻസാർ തൃത്താല പാലക്കാട് ജില്ലാ കമ്മിറ്റി,
അബ്ദുൽ അസീസ് മണ്ണാർക്കാട് ബ്ലോക്ക് സെക്രട്ടറി,
ഹാരിസ് കോങ്ങാട്,സുലൈമാൻ മുണ്ടൂർ, സഫന കോങ്ങാട് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
ഹാരിസിന്റെ മോചനവും പുതിയ തൊഴിൽ അവസരവും കുടുംബത്തിന് വലിയ ആശ്വാസമായി മാറിയിരിക്കുകയാണ്. വിദേശത്ത് നിയമപ്രശ്നങ്ങളിൽ പെട്ട പ്രവാസികൾക്ക് സാമൂഹിക സംഘടനകളുടെയും ജനപ്രതിനിധികളുടെയും ഇടപെടൽ എത്രമാത്രം നിർണായകമാണെന്ന് ഈ സംഭവം വീണ്ടും തെളിയിക്കുന്നു.

