ഫിഫ ലോകകപ്പ് 2026 ന്റെ പ്രീക്വാർട്ടറില്‍ കടന്ന് ഈജിപ്ത്. വെള്ളിയാഴ്ച നടന്ന റൗണ്ട് ഓഫ് 32 പോരാട്ടത്തില്‍ ഓസ്ട്രേലിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ഈജിപ്ത് പ്രീക്വാർട്ടറില്‍ കടന്നത്.നിശ്ചിത സമയത്തും അധികസമയത്തും ഇടു ടീമുകളും ഓരോ ഗോള്‍ വീതം നേടി തുല്ല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേയ്ക്ക് നീണ്ടത്. മത്സരത്തിന്റെ 13-ാം മിനിറ്റില്‍ ഇമാം അഷൗറിന്റെ ഗോളിലൂടെ ഈജിപ്ത് ആണ് മുന്നിലെത്തിയത്. പിന്നീട് ഗോള്‍ മടക്കാൻ ഓസ്ട്രേലിയ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ആദ്യ പകുതി ഇതേ നിലയില്‍ അവസാനിച്ചു.
രണ്ടാം പകുതിയില്‍ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തി. ഗോള്‍ മടക്കാൻ ഓസീസും ലീഡ് ഉയർത്താൻ ഈജീപ്തും ശ്രമം തുടർന്നു. ഒടുവില്‍ 55-ാം മിനിറ്റില്‍ ഈജിപ്ത് താരം മുഹമദ് ഹാനിയുടെ ഓണ്‍ഗോളിലൂടെ ഓസ്ട്രേലിയ ഒപ്പമെത്തി.
പിന്നീട് ഗോള്‍ നേടാൻ ഇരു ടീമുകളും ശ്രമിച്ചെങ്കിലും നിശ്ചിത സമയത്തും അധികസമയത്തും ഗോള്‍ വന്നില്ല. ഇതോടെയാണ് മത്സരം ഷൂട്ടൗട്ടിലേയ്ക്ക് നീണ്ടത്.
ഷൂട്ടൗട്ടില്‍ ഈജിപ്ത് നാല് കിക്കുകള്‍ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ഓസീസിന്റെ രണ്ട് താരങ്ങള്‍ക്ക് ലക്ഷ്യം തെറ്റി. ഇതോടെ ഷൂട്ടൗട്ട് 4-2 ന് സ്വന്തമാക്കി ഈജിപ്ത് പ്രീക്വാർട്ടറിലേയ്ക്ക് മുന്നേറി. ചരിത്രത്തില്‍ ആദ്യമായാണ് ഈജിപ്ത് ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടറിലെത്തുന്നത്.അർജന്റീന-കേപ് വെർദെ റൗണ്ട് ഓഫ് 32 മത്സരത്തിലെ വിജയിയെ ആയിരിക്കും പ്രീക്വാർട്ടറില്‍ ഈജിപ്ത് നേരിടുക.

