ഫിഫ ലോകകപ്പ് 2026ല്‍ പ്രീക്വാർട്ടറില്‍ കടന്ന് അർജന്റീന. മിയാമിയില്‍ നടന്ന റൗണ്ട് ഓഫ് 32 മത്സരത്തില്‍ കേപ് വെർദെയെ തോല്‍പ്പിച്ചാണ് അർജന്റീന പ്രീക്വാർട്ടറിലെത്തിയത്.രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അർജന്റീന വിജയിച്ചത്.
ലോകചാമ്പ്യൻമാരെ വിറപ്പിച്ചാണ് കേപ് വെർദെ കീഴടങ്ങിയത്. മത്സരത്തിന്റെ 29-ാം മിനിറ്റില്‍ സൂപ്പർ താരം ലയണല്‍ മെസി അർജന്റീനയെ മുന്നിലെത്തിച്ചു. ഈ ലോകകപ്പിലെ മെസിയുടെ ഏഴാം ഗോളാണിത്. ഫിഫ ലോകകപ്പുകളിലെ മെസിയുടെ ആകെ ഗോള്‍നേട്ടം 20 ആയി.
എന്നാല്‍ 59-ാം മിനിറ്റില്‍ ഡിറോയ് ഡുവാർട്ടെ കേപ് വെർദെയെ ഒപ്പമെത്തിച്ചു. പിന്നീട് ഗോള്‍ നേടാൻ അർജന്റീന കിണഞ്ഞ് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേയ്ക്ക് നീണ്ടത്.
എക്സ്ട്രാ ടൈമിലെ രണ്ടാം മിനിറ്റില്‍ ലിസാൻഡ്രോ മാർട്ടിനസ് അർജന്റീനയെ മുന്നിലെത്തിച്ചെങ്കിലും 13-ാം മിനിറ്റില്‍ സിഡ്നി ലോപസ് കബ്രാല്‍ കേപ് വെർദെയെ സുന്ദരമായ ഗോളിലൂടെ ഒപ്പമെത്തിച്ചു. എന്നാല്‍ 111-ാം മിനിറ്റില്‍ കേപ് വെർദെ താരം ഡൈനിയുടെ ഓണ്‍ ഗോളില്‍ അർജന്റീന മത്സരം സ്വന്തമാക്കുകയിരുന്നു. പ്രീക്വാർട്ടറില്‍ ഈജിപ്ത് ആണ് അർജന്റീനയുടെ അടുത്ത എതിരാളികള്‍.

