താമരശ്ശേരി: ഗുരുതരമായ പാരിസ്ഥിതിക മലിനീകരണവും ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യമുണ്ടാക്കിയെന്ന കണ്ടെത്തലിനെ തുടർന്ന് താമരശ്ശേരിയിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് പ്രവർത്തനം പൂർണമായും നിർത്തിവെക്കാൻ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടു. ബോർഡ് ചെയർപേഴ്സൺ ആഗസ്റ്റ് 5-ന് പുറപ്പെടുവിച്ച ക്ലോഷർ ഓർഡറിലാണ് സ്ഥാപനത്തിന്റെ എല്ലാ പ്രവർത്തനങ്ങളും അടിയന്തരമായി അവസാനിപ്പിക്കാൻ നിർദേശിച്ചിരിക്കുന്നത്.
കരിമ്പാലക്കുന്ന് അമ്പായത്തോട്ടിലെ സിൽവർ സാൻഡ് ക്രഷറിന് സമീപം പ്രവർത്തിക്കുന്ന പൗൾട്രി റെൻഡറിങ് പ്ലാന്റിനെതിരെയാണ് നടപടി. കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അറവുശാലാ മാലിന്യങ്ങളും കോഴി മാലിന്യങ്ങളും സംസ്കരിക്കുന്നതിനായാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്.
പ്ലാന്റിൽ നിന്നുള്ള മാലിന്യവും മലിനജലവും സമീപ പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തുന്നതായും ദുർഗന്ധം മൂലം സാധാരണ ജനജീവിതം ദുസ്സഹമായതായും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നിരന്തരം മലിനീകരണ നിയന്ത്രണ ബോർഡിൽ പരാതി നൽകിയിരുന്നു. വിഷയത്തിൽ വിവിധ ഘട്ടങ്ങളിൽ പരിശോധന നടത്തിയ ബോർഡ്, മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.
1986-ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം നേരത്തേ സ്ഥാപനത്തിന് പിഴ ചുമത്തിയിരുന്നെങ്കിലും മലിനീകരണം നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നാണ് ബോർഡിന്റെ വിലയിരുത്തൽ. ജനങ്ങളുടെ പരാതികൾ തുടരുകയും പരിസ്ഥിതി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കമ്പനി പരാജയപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് സ്ഥാപനം അടച്ചുപൂട്ടാൻ ഉത്തരവിറക്കിയത്.
1974-ലെ ജല മലിനീകരണ (തടയലും നിയന്ത്രണവും) നിയമത്തിലെ സെക്ഷൻ 33A, 1981-ലെ വായു മലിനീകരണ (തടയലും നിയന്ത്രണവും) നിയമത്തിലെ സെക്ഷൻ 31A എന്നിവ പ്രകാരമുള്ള അധികാരം വിനിയോഗിച്ചാണ് ക്ലോഷർ ഓർഡർ പുറപ്പെടുവിച്ചത്.
20 ടൺ മാത്രം സംസ്കരണശേഷിയുള്ള പ്ലാന്റിൽ പ്രതിദിനം ഏകദേശം 200 ടൺ വരെ മാലിന്യം സംസ്കരിക്കുന്നുവെന്നായിരുന്നു നാട്ടുകാരുടെ പ്രധാന ആരോപണം. അനുവദനീയമായ പരിധിയുടെ പലമടങ്ങ് മാലിന്യം കൈകാര്യം ചെയ്യുന്നതാണ് പ്രദേശത്തെ രൂക്ഷമായ പരിസ്ഥിതി മലിനീകരണത്തിനും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായതെന്നും പരാതികളിൽ ചൂണ്ടിക്കാട്ടിയിരുന്നു.

