വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സ്കൂൾ അധ്യാപികയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം.

കണ്ണൂർ മൊറാഴയിലെ ജെംസ് ഇന്റർനാഷണൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയും ലിബർട്ടി ബഷീറിന്റെ കൊച്ചുമകനുമായ തലശ്ശേരി മോറക്കുന്ന് സ്വദേശി റയാൻ അമീർ (15) ജീവനൊടുക്കിയ സംഭവത്തിലാണ് ബന്ധുക്കൾ പരാതിയുമായി മുന്നോട്ടുവന്നിരിക്കുന്നത്.

ഈ മാസം ഒന്നാം തീയതി വൈകിട്ട് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത്, വീടിന്റെ സെൻട്രൽ ഹാളിൽ തൂങ്ങിമരിച്ച നിലയിലാണ് റയാനെ കണ്ടെത്തിയത്. സ്കൂളിൽ നടന്ന പരീക്ഷയിൽ ഗണിതവിഷയത്തിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ പ്രിൻസിപ്പൽ കൂടിയായ അധ്യാപിക സഹപാഠികളുടെ മുന്നിൽ വെച്ച് കഠിനമായി ശകാരിക്കുകയും അപമാനിക്കുകയും ചെയ്തതാണ് കുട്ടിയെ മാനസികമായി തളർത്തിയതെന്നും, ഇതാണ് ജീവനൊടുക്കാൻ കാരണമായതെന്നും കുടുംബാംഗങ്ങൾ ആരോപിക്കുന്നു.

​ഗണിതവിഷയം പഠിപ്പിക്കാൻ സ്കൂളിൽ സ്ഥിരം അധ്യാപകർ ഉണ്ടായിരുന്നില്ലെന്നും പ്രിൻസിപ്പൽ തന്നെയാണ് ഈ വിഷയം കൈകാര്യം ചെയ്തിരുന്നതെന്നും റയാന്റെ സഹോദരി വ്യക്തമാക്കി. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന്, പുനഃപരീക്ഷയിൽ കൂടുതൽ മാർക്ക് വാങ്ങി ശരിയാക്കിക്കോളാം എന്ന് കുട്ടി പറഞ്ഞപ്പോൾ, “നീ എന്ത് അത്ഭുതമാണ് കാണിക്കാൻ പോകുന്നത്, നിന്നെക്കൊണ്ട് ഇതൊന്നും സാധിക്കില്ല, ഇനി നിന്റെ കാര്യത്തിൽ ഇടപെടാനില്ല” എന്നിങ്ങനെ മറ്റുള്ള കുട്ടികളുടെ മുന്നിൽ വെച്ച് അധ്യാപിക പരിഹസിച്ചു. കൂടാതെ, കുട്ടിക്ക് മാനസികമായി എന്തോ തകരാറുണ്ടെന്നും, എല്ലാവരോടും എപ്പോഴും ചിരിക്കുന്ന സ്വഭാവമുള്ളതിനാൽ വഴക്കുപറഞ്ഞാൽ പോലും ഒന്നും പ്രതികരിക്കാറില്ലെന്നും പറഞ്ഞ് സഹപാഠികളുടെ മുന്നിൽ വെച്ച് അധ്യാപിക റയാനെ അപമാനിച്ചതായും സഹോദരി കൂട്ടിച്ചേർത്തു.

​നേരത്തെയും ഈ അധ്യാപികയിൽ നിന്ന് മോശം അനുഭവങ്ങൾ ഉണ്ടായതായി റയാൻ വീട്ടിൽ പറഞ്ഞിരുന്നുവെന്നും, പലതവണ ഇതേക്കുറിച്ച് അധ്യാപികയോട് സംസാരിച്ചിരുന്നുവെന്നും മാതാപിതാക്കൾ പറയുന്നു. കുട്ടിയുടെ ആത്മഹത്യയിൽ കൃത്യമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അതേസമയം, റയാനോട് പ്രത്യേകമായി യാതൊരു വിവേചനവും കാണിച്ചിട്ടില്ലെന്നും, എല്ലാ കുട്ടികളോടും പെരുമാറുന്നത് പോലെ മാത്രമാണ് താൻ പെരുമാറിയതെന്നുമാണ് ആരോപണവിധേയയായ സ്കൂൾ പ്രിൻസിപ്പലിന്റെ വിശദീകരണം. സംഭവം പ്രദേശത്ത് വലിയ നടുക്കവും പ്രതിഷേധവും ഉണ്ടാക്കിയിട്ടുണ്ട്.

spot_img

Related Articles

Latest news