വേടൻ റിയാദിലേക്ക്; ‘ആരവം 2026’: ഒഐസിസി ജില്ലാ കമ്മിറ്റികൾക്കുള്ള ടിക്കറ്റ് വിതരണം തുടങ്ങി

റിയാദ്: പ്രവാസി മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘മാർക്ക് & സേവ് ആരവം 2026 – വേടൻ ലൈവ് ഇൻ റിയാദ്’ മെഗാ ഷോയുടെ ടിക്കറ്റ് വിതരണം ആരംഭിച്ചു. മൂൺഗ്ലൈഡ് എന്റർടൈൻമെന്റ്സും എൻ.ആർ.കെ ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിക്ക് അനുവദിച്ച ടിക്കറ്റുകൾ വിവിധ ജില്ലാ കമ്മിറ്റികൾക്ക് കൈമാറി.

ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, പാലക്കാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ശിഹാബ് കരിമ്പാറയ്ക്ക് ടിക്കറ്റുകൾ കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു.

ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര, അബ്ദുല്ല വല്ലാഞ്ചിറ, രഘുനാഥ് പറശ്ശിനിക്കടവ്, സക്കീർ ദാനത്ത്, ശുകൂർ ആലുവ, അബ്ദുൽ കരീം കൊടുവള്ളി, റഹ്മാൻ മുനമ്പത്ത്, മൊയ്തീൻ, കമറുദ്ദീൻ താമരക്കുളം, സോണി പാറക്കൽ, സന്തോഷ് ബാബു, ജംഷാദ്, ഹരീന്ദ്രൻ തുടങ്ങിയ ഭാരവാഹികളും വിവിധ ജില്ലാ കമ്മിറ്റി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

ഒക്ടോബർ 2ന് റിയാദിലെ ദിറാബ് ട്രിഫ്റ്റ് പാർക്കിലാണ് മെഗാ ഷോ അരങ്ങേറുന്നത്. ഇരുപതിനായിരത്തോളം കാണികളെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. റിയാദിലെ പ്രവാസി സമൂഹത്തിനായി ഒരുക്കുന്ന വലിയ സംഗീത-വിനോദ വേദികളിലൊന്നായി പരിപാടിയെ മാറ്റാനാണ് സംഘാടകരുടെ ലക്ഷ്യം.

പ്രശസ്ത റാപ്പർ വേടൻ നയിക്കുന്ന സംഗീതവിരുന്നിനൊപ്പം ആര്യ ദയാൽ, യോഗി ശേഖർ, ഡിജെ സിബിൻ, ഹേമന്ത്, വി. സുരേഷ് തുടങ്ങിയ കലാകാരന്മാരും വേദിയിലെത്തും. സിനിമാതാരങ്ങളായ ശ്രീനാഥ് ഭാസി, രാജേഷ് മാധവ്, ഫെമിന ജോർജ്, രാധാകൃഷ്ണൻ അഭിരാം, റിഷ് എൻ.കെ. എന്നിവരുടെ സാന്നിധ്യവും പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്നാകും.

പോൾസ്റ്റാർ ഡാൻസ് അക്കാദമിയിലെ അമ്പതോളം കലാകാരന്മാർ അവതരിപ്പിക്കുന്ന നൃത്തപരിപാടികളും മെഗാ ഷോയുടെ ഭാഗമായി അരങ്ങേറും. സംഗീതവും നൃത്തവും സിനിമാതാരങ്ങളുടെ സാന്നിധ്യവും സമന്വയിപ്പിച്ചാണ് പരിപാടി ഒരുക്കുന്നത്.

വിനോദപരിപാടികൾക്കൊപ്പം ബിസിനസ് നെറ്റ്‌വർക്കിംഗിനും ഷോപ്പിംഗിനും പ്രത്യേക അവസരങ്ങളും ഒരുക്കിയിട്ടുണ്ട്. വിവിധ ബിസിനസ് സ്ഥാപനങ്ങളെയും സംരംഭകരെയും ഉപഭോക്താക്കളെയും ഒരേ വേദിയിൽ ബന്ധിപ്പിക്കുന്നതിനൊപ്പം വിവിധ ഉൽപ്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടാനും ഷോപ്പിംഗ് നടത്താനും പ്രേക്ഷകർക്ക് അവസരം ലഭിക്കും.ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിക്ക് അനുവദിച്ച ടിക്കറ്റുകൾ ജില്ലാ കമ്മിറ്റികൾ വഴി പ്രവർത്തകരിലേക്കും പൊതുജനങ്ങളിലേക്കും എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സംഗീതവും വിനോദവും ബിസിനസ് സാധ്യതകളും ഒരുമിക്കുന്ന ‘ആരവം 2026’ റിയാദിലെ പ്രവാസി മലയാളി സമൂഹത്തിന് വേറിട്ട അനുഭവമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

spot_img

Related Articles

Latest news