റിയാദ്: ഇന്ത്യയിൽ ഇലക്ഷൻ കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ‘വോട്ട് ചോർച്ച’ക്കെതിരെ രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കെ.പി.സി.സി ആഹ്വാനം ചെയ്ത പ്രതിഷേധ സമര പരിപാടികൾക്ക് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി റിയാദ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
പരിപാടിയിൽ ബഹുമാനപ്പെട്ട പാലക്കാട് എം.പി വി. കെ. ശ്രീകണ്ഠൻ മുഖ്യാതിഥിയായി പങ്കെടുത്തു. ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്ന ഇലക്ഷൻ കമ്മീഷന്റെയും കേന്ദ്ര ഭരണകൂടത്തിന്റെയും ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ ഗ്ലോബൽ OICC നേതാവ് നൗഫൽ പാലക്കാടൻ പ്രവർത്തകർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ചടങ്ങിൽ ഒ.ഐ.സി.സി സെൻട്രൽ-ജില്ലാ കമ്മിറ്റികളിലെ പ്രമുഖ നേതാക്കളും പ്രവർത്തകരും സജീവമായി പങ്കെടുത്തു.
രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങൾ സംരക്ഷിക്കാൻ കോൺഗ്രസ് മുന്നോട്ട് വെക്കുന്ന പോരാട്ടങ്ങൾക്ക് പ്രവാസി സമൂഹത്തിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

