മുസ്ലീം ലീഗ് മതേതര പാര്‍ട്ടി
തിരുവനന്തപുരം: ബിജെപിക്ക് മതേതരത്വം അറിയില്ലെന്ന് മുന്‍ എംപിയും മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പികെ കുഞ്ഞാലിക്കുട്ടി. മതേതരത്വം ഇല്ലാതെ കേരളത്തിലൊരിക്കലും ബിജെപിക്ക് വേരുറപ്പിക്കാന്‍ കഴിയില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘കേരളത്തില്‍ ഒരിക്കലും ബിജെപിയെ പോലെ മതേതരത്വത്തെ പരിഗണിക്കാത്ത ഒരു പാര്‍ട്ടിക്ക് വേരുറപ്പിക്കാന്‍ സാധിക്കില്ല. ഇനി അഥവാ അങ്ങനെ വരണമെന്നുണ്ടെങ്കില്‍ തന്നെ ബിജെപിക്ക് അവരുടെ നയങ്ങളും തീരുമാനവുമെല്ലാം മാറ്റി കോണ്‍ഗ്രസിനെ പോലെ എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന പാര്‍ട്ടിയായി മാറേണ്ടിവരും. എന്നാല്‍ മാത്രമേ അവര്‍ക്ക് അനുകൂലമായ രീതിയില്‍ എന്തെങ്കിലും സംഭവിക്കുകയുള്ളു. എല്ലാവരെയും ഒരേപോലെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത ഒരു പാര്‍ട്ടി എങ്ങനെയാണ് കേരളത്തില്‍ ക്ലച്ച് പിടിക്കുക?’ കുഞ്ഞാലിക്കുട്ടി ചോദിച്ചു.
അതേസമയം, കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനോട് ഇല്ല എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. തനിക്ക് ഉപമുഖ്യമന്ത്രി പോലുള്ള പദവികള്‍ പലപ്പോഴും ആവശ്യപ്പെടാമായിരുന്നു. എന്നാല്‍ അങ്ങനെയൊന്നും താന്‍ ആവശ്യപ്പെട്ടിട്ടില്ല എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം മുസ്ലീം ലീഗ് മതേതര പാര്‍ട്ടിയാണെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ പക്ഷം.എന്നാല്‍ മുസ്ളീം അല്ലാത്ത ഒരാള്‍ക്ക് ഒരു പദവിയോ അംഗത്വമോ നല്‍കാത്ത മുസ്ലീം ലീഗ് മതേതര പാര്‍ട്ടിയാണെന്നു പറയുന്നത് എന്ത് തമാശ ആണെന്നാണ് കെ സുരേന്ദ്രന്റെ പ്രതികരണം.