ചെന്നൈ: ബ്രിട്ടീഷുകാരെ തിരിച്ചയച്ചപോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നാഗ്പൂരിലേയ്ക്ക് തിരിച്ചയക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തിരുനെല്‍വേലി സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷ് ഭരണവുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ നരേന്ദ്ര മോദി ഒന്നുമല്ല. ഈ രാജ്യത്തെ ജനങ്ങള്‍ ബ്രിട്ടീഷുകാരെ വരെ തിരിച്ചയച്ചവരാണ്. അതേ രീതിയില്‍ മോദിയെ നാഗ്പൂരിലേക്ക് തിരിച്ചയയ്ക്കുമെന്ന് രാഹുല്‍ പറഞ്ഞു.
സമ്പന്നതയിലും എതിരാളികളെ നിര്‍വീര്യമാക്കുന്നതിലും പ്രബലനായ ശത്രുവിനെതിരെയാണ് പോരാട്ടം. ഈ പോരാട്ടത്തില്‍ വെറുപ്പോ ദേഷ്യമോ കലാപമോ ഉണ്ടാകില്ലെന്ന് രാഹുല്‍ പറഞ്ഞു. അതേസമയം, ബിജെപിയെ പരാജയപ്പെടുത്തി കേന്ദ്ര അധികാരം പിടിച്ചെടുക്കുകയെന്നത് എളുപ്പമല്ലെന്നും രാഹുല്‍ പരോക്ഷമായി സമ്മതിച്ചു. യാഥാര്‍ത്ഥ്യമായില്ലെങ്കിലും വലിയ സ്വപ്‌നങ്ങള്‍ കാണേണ്ടത് വളരെ പ്രധാനമാണെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.