ദുബൈ : ജോലിയില്‍ സത്യസന്ധതയും ആത്മാര്‍ഥതയും പ്രകടിപ്പിച്ച മലയാളിയടക്കം നാല് ഡ്രൈവര്‍മാരെ ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി(ആര്‍ ടി എ) ആദരിച്ചു. മലയാളി ടാക്‌സി ഡ്രൈവര്‍ ഫിറോസ് ചാരുപടിക്കല്‍, ബസ് ഡ്രൈവര്‍മാരായ ഹസന്‍ ഖാന്‍, അസീസ് റഹ്മാന്‍, ഹുസൈന്‍ നാസിര്‍ എന്നിവരെയാണ് പ്രശംസാപത്രവും ഉപഹാരവും നല്‍കി ആദരിച്ചത്.
യാത്രക്കാരി ടാക്‌സിയില്‍ മറന്നുവെച്ച വിലപിടിപ്പുള്ള വസ്തുക്കള്‍ അടങ്ങിയ ബാഗ് സുരക്ഷിതമായി തിരിച്ചേല്‍പിച്ചതിനാണ് ഫിറോസിന് അംഗീകാരം. വാഹനത്തിന്റെ ടയര്‍ പഞ്ചറായി വഴിയില്‍ നിന്ന യുവതിക്ക് സഹായം നല്‍കിയതാണ് ബസ് ഡ്രൈവര്‍മാരെ അംഗീകാരത്തിന് തിരഞ്ഞെടുക്കാന്‍ കാരണമെന്നു ചെയര്‍മാന്‍ മതര്‍ മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു.
പൊതുഗതാഗത സംവിധാനങ്ങളില്‍ പ്രതിദിനം ആയിരക്കണക്കിന് പേര്‍ യാത്ര ചെയ്യുന്നു. ഇവരുടെ വിശ്വാസ്യത വര്‍ധിക്കാന്‍ ഡ്രൈവര്‍മാരുടെ സത്യസന്ധതയും ആത്മാര്‍ഥതയും വഴിയൊരുക്കുമെന്ന് അല്‍ തായര്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട് സി ഇ ഒ അഹ്്മദ് ഹാശിം ബഹ്‌റൂസിയാന്‍, ദുബൈ ടാക്‌സി കോര്‍പറേഷന്‍ സി ഇ ഒ മന്‍സൂര്‍ അല്‍ ഫലാസി എന്നിവരും സംബന്ധിച്ചു.