തിരുവനന്തപുരം : വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ചിറയിന്‍കീഴ് അഞ്ചുതെങ്ങ് കായിക്കര വെണ്‍മതിയില്‍ ആനി(48)യുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് അഞ്ചുതെങ്ങ് പൊലീസ് കേസെടുത്തു. അന്വേഷണം നടത്തണമെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതിയെത്തുടര്‍ന്നാണിത്. തിരുവനന്തപുരം ലാന്‍ഡ് റവന്യു കമ്മിഷണര്‍ ഓഫിസിലെ ഓഫിസ് അസിസ്റ്റന്റ് ആണ് ആനി.
മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. എല്ലാവരോടും സൗമ്യമായി ഇടപെട്ടിരുന്ന ആനി കഴിഞ്ഞ കുറെ ദിവസങ്ങളായി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. ഓഫിസില്‍ സഹപ്രവര്‍ത്തകരായ ചിലരുടെ പെരുമാറ്റം സഹിക്കാവുന്നതില്‍ അപ്പുറമാണെന്ന് കുടുംബാംഗങ്ങളെ അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
ഇതുമായി ബന്ധപ്പെട്ടു ആനി എഴുതിയതായി പറയുന്ന ഡയറി പൊലീസ് കണ്ടെടുത്തു. മാനസിക സമ്മര്‍ദ്ദത്തിലാക്കി പീഡിപ്പിച്ചവരുടെ പേര് വിവരങ്ങളും കാര്യകാരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അഞ്ചുതെങ്ങ് പൊലീസ് പറഞ്ഞു. ഭര്‍ത്താവ് തൃലോചനനുമായി ഏറെ നാളുകളായി അകന്നു കഴിയുകയായിരുന്നു. മകന്‍ വിഷ്ണുവും മകള്‍ പാര്‍വതിയും വിദ്യാർത്ഥികളാണ്.
മുമ്പ് തിരുവനന്തപുരം ഗവ. പ്രസിലെ ജീവനക്കാരിയായിരുന്ന ആനി, 13 വർഷമായി റവന്യു കമ്മിഷണര്‍ ഓഫിസില്‍ ജോലി ചെയ്യുന്നു. അടുത്തിടെ കോവിഡ് വാക്‌സീന്‍ എടുത്തതിന്റെ പേരില്‍ ഓഫിസിലെ ചിലര്‍ കളിയാക്കിയിരുന്നു. ഇതിന്റെ പേരില്‍ ഓഫിസിലെ സഹപ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായതായും സൂചനയുണ്ട്. പൊലീസ് ആവശ്യപ്പെട്ടാല്‍ വിവരങ്ങള്‍ കൈമാറുമെന്നു ലാന്‍ഡ് റവന്യു കമ്മിഷണര്‍ ഓഫിസ് വൃത്തങ്ങള്‍ അറിയിച്ചു.
മീഡിയ വിങ്സ്