ഉദ്യോഗസ്ഥര്‍ക്ക് അമിത അധികാരം നല്കുന്നു
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നിയന്ത്രിക്കാന്‍ പാര്‍ലമെന്‍റിന്‍റെ അനുമതിയില്ലാതെ സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്നതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഉദ്യോഗസ്ഥര്‍ക്ക് അമിത അധികാരം നല്‍കുന്നതാണ് പുതിയ നിര്‍ദേശങ്ങളെന്നും കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി പറഞ്ഞു.
സോഷ്യല്‍ മീഡിയയെ നിയന്ത്രണാതീതമായി വിടാന്‍ കഴിയില്ല. എന്നാല്‍ നിയമാനുസൃതമല്ലാത്ത നിര്‍ദേശങ്ങളിലൂടെയും എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെയും സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കരുത്. അഭിപ്രായ സ്വാതന്ത്ര്യത്തിനും സര്‍ഗ്ഗാത്മകതയ്ക്കും പുതിയ നിയമങ്ങള്‍ അങ്ങേയറ്റം അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ മീഡിയ നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരുന്നതിന് മുമ്പ് പാര്‍ലമെന്‍റിന്‍റെ പരിശോധന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ പ്രസാധകര്‍, ഒടിടി പ്ലാറ്റ്ഫോമുകള്‍, ഡിജിറ്റല്‍ മീഡിയ എന്നിവയ്ക്ക് എത്തിക്സ് കോഡ്, ത്രിതല പരാതി പരിഹാര സംവിധാനം എന്നിവ ബാധകമാണെന്ന് സര്‍ക്കാര്‍ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. മന്ത്രിമാരായ പ്രകാശ് ജാവദേക്കറും രവിശങ്കര്‍ പ്രസാദും സംയുക്ത പത്രസമ്മേളനത്തില്‍ 2021 ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡ് ചട്ടങ്ങളും പ്രഖ്യാപിക്കുകയായിരുന്നു.
‘ഒരു മേഖലയിലും ‘ജംഗിള്‍ രാജ്’ വരണമെന്ന് ഞങ്ങള്‍ പറയുന്നില്ല. അതുപോലെ തന്നെ, നിയമാനുസൃതമല്ലാത്ത നിയമനിര്‍മാണവും പാടില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിനും സര്‍ഗ്ഗാത്മകതയ്ക്കും പുതിയ നിര്‍ദേശങ്ങള്‍ അങ്ങേയറ്റം അപകടകരമാണ്’ – സിങ്‌വി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.