കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടപ്പാക്കുന്നതിന് മുഴുവന്‍ രാഷ്ട്രീയ കക്ഷികളുടെയും സഹകരണമുണ്ടാകണമെന്ന് ജില്ല കലക്ടര്‍ സാംബശിവ റാവു അഭ്യര്‍ഥിച്ചു. കലക്ടറേറ്റില്‍ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രചാരണ പരിപാടികള്‍ക്ക് സ്വകാര്യവ്യക്തികളുടെ മതിലുകള്‍ അനുമതിയോടെ ഉപയോഗിക്കാം.
സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളുടെ മതിലുകളും മറ്റു വസ്തുവകകളും പ്രചാരണ സാമഗ്രികള്‍ തൂക്കുന്നതിനോ പതിക്കുന്നതിനോ ഉപയോഗിക്കരുത്. പൊതുപരിപാടികളുടെ റാലിയില്‍ അഞ്ച് വാഹനങ്ങള്‍ക്കാണ് അനുമതിയുണ്ടാവുക. പൊതു കാമ്ബയിന് നടത്തുന്നതിനായി ഗ്രൗണ്ടുകള്‍ നേരത്തേ നിശ്ചയിച്ചിട്ടുണ്ട്.
ഓഡിറ്റോറിയങ്ങളില്‍ 100 പേര്‍ക്കും പുറത്ത് നടക്കുന്ന പരിപാടികളില്‍ 200 പേര്‍ക്കും പങ്കെടുക്കാം. പ്രചാരണങ്ങളിലെ ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണം.
സ്ഥാനാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സൗകര്യമുണ്ടാവും. ഓണ്‍ലൈനായി പൂരിപ്പിച്ച ശേഷം പ്രിന്റ് ഔട്ട് എടുത്ത് പത്രിക സമര്‍പ്പിക്കാവുന്നതാണ്. പോളിങ് സ്റ്റേഷനുകള്‍ ഭിന്നശേഷി സൗഹൃദമാക്കും.
പ്രചാരണ സാമഗ്രികളുടെ പുതുക്കിയ നിരക്ക് ഉടന്‍ പ്രസിദ്ധീകരിക്കും. ഭിന്നശേഷിക്കാര്‍, കോവിഡ് രോഗികള്‍, അവശ്യസര്‍വിസ് ജീവനക്കാര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് തപാല്‍ ബാലറ്റ് നല്‍കുന്നതിന് നടപടിയുണ്ടാവുമെന്ന് കലക്ടര്‍ പറഞ്ഞു. യോഗത്തില്‍ സബ് കലക്ടര്‍ ജി. പ്രിയങ്ക, എ.ഡി.എം എന്‍. പ്രേമചന്ദ്രന്, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ കെ. അജീഷ്, ഫിനാന്‍സ് ഓഫിസര്‍ കെ.ഡി മനോജന്, വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധാനംചെയ്ത് ടി.പി. ദാസന്, ടി.വി. ബാലന്, കെ. മൊയ്തീന് കോയ, പി.എം. കരുണാകരന്, കെ.എം. പോള്‍സണ്‍, ബി.കെ. പ്രേമന്, ജോബിഷ് ബാലുശ്ശേരി, ഡി. ഉണ്ണികൃഷ്ണന്, കെ.ടി. വാസു, പി.ടി. ഗോപാലന്, പി.എം. അബ്ദുറഹിമാന്, പി.വി. മാധവന്, പി.ആര്. സുനില്‍ സിങ് തുടങ്ങിയവര്‍ പങ്കെടുത്തു.