പോലീസ് സ്റ്റേഷനില്‍ കോഫീ വെന്‍ഡിംഗ് മെഷീന് സ്ഥാപിക്കാന്‍ മുന്‍കൈ എടുത്ത പൊലീസുകാരനെ ഡിസിപി സസ്പെന്‍ഡ് ചെയ്തു. കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി.എസ് രഘുവിനെയാണ് കൊച്ചി ഡി.സി.പി ഐശ്വര്യ ഡോങ്റെ സസ്പെന്റ് ചെയ്തത്. മേലുദ്യോഗസ്ഥരെ അറിയിക്കാതെ ഉദ്ഘാടനം നടത്തിയെന്നും മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതിനുമാണ് സസ്പെന്‍ഷനെന്നാണ് ഉത്തരവില്‍ പറയുന്നത്.
സ്പെഷ്യല്‍ ബ്രാഞ്ച് ഇതു സംബന്ധിച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി. അതേ സമയം ഉദ്ഘാടനത്തിനു ഡിസിപി യെ ക്ഷണിക്കാതിരുന്നതിനാലാണ് സസ്പെന്ഷന് എന്നാണ് പൊലീസുകാരുടെ സംസാരം. സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നവര്‍ക്ക് വേണ്ടിയായിരുന്നു സൗകര്യങ്ങള്‍ സ്ഥാപിച്ചത്. ഫെബ്രുവരി 17നാണ് കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ ചായയും ബിസ്ക്കറ്റും ബ്രഡ്ഡും നല്കുന്ന സംവിധാനം നടപ്പിലാക്കിയത്.
വലിയ ചടങ്ങായി ഉദ്ഘാടനം നടത്താതെ അന്നേ ദിവസം സംവിധാനം പ്രവര്‍ത്തന സജ്ജമാക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്ത നല്‍കിയതോടെ സംസ്ഥാനമൊട്ടാകെ കളമശ്ശേരി പൊലീസിനെ അഭിനന്ദിച്ചു. ഡി.ജി.പി ഓപീസില്‍ നിന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണറേറ്റില്‍ അഭിനന്ദന സന്ദേശം എത്തി. ഇതിനിടയിലാണ് പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന് ലഭിച്ചത്. നരവധി സത്പ്രവൃത്തികള്‍ ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ നിസ്സാര കാര്യത്തിന് സസ്പെന്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
കൊച്ചി ഡിസിപി ഐശ്വര്യ ഡോങറെ ഇതാദ്യമായല്ല വിവാദങ്ങള്‍ ഉയര്‍ത്തുന്നത്. നേരത്തെ ഒരു പൊലീസ് സ്റ്റേഷന് സന്ദര്‍ശിച്ചപ്പോള്‍ തിരിച്ചറിയാതിരുന്ന വനിതാ പോലീസുകാരിക്കെതിരെയും ഇവര്‍ നടപടി എടുത്തിരുന്നു. ഇതിനെ ന്യായീകരിച്ച ഐശ്വര്യയുടെ നടപടി വീണ്ടും വിവാദമായി. ഇതിനെത്തുടര്‍ന്ന് കമ്മീഷണര്‍ താക്കീതു ചെയ്തിരുന്നു.
മീഡിയ വിങ്സ്