മൈക്രോസോഫ്റ്റിലെ ഓണ്‍ലൈന്‍ സേവനങ്ങളില്‍ കാര്യമായ സുരക്ഷാ ബലഹീനത റിപ്പോര്‍ട്ട് ചെയ്ത സുരക്ഷാ ഗവേഷകന് 50000 അമേരിക്കന്‍ ഡോളര്‍ (36 ലക്ഷം ഇന്ത്യന്‍ രൂപ) ലഭിച്ചു. മൈക്രോസോഫ്റ്റിന്റെ ബഗ് ബൗണ്ടി പ്രോഗ്രാമിന്‍റെ ഭാഗമായാണ് ലക്ഷ്മണ് മുത്തയ്യ എന്ന ചെന്നൈ സ്വദേശിയായ എഞ്ചിനീയർക്ക് ഭീമന്‍ തുക റിവാര്‍ഡ് ലഭിച്ചത്.
ആളുകളുടെ മൈക്രോസോഫ്റ്റ് അക്കൗണ്ടുകള്‍ ഹൈജാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുള്ള ഒരു അപകടസാധ്യതയാണ് കണ്ടെത്തിയത്. ”സമ്മതമില്ലാതെ അല്ലെങ്കില്‍ അനുമതിയില്ലാതെ ഏത് മൈക്രോസോഫ്റ്റ് അക്കൗണ്ടും ഹൈജാക്ക് ചെയ്യാന്‍ ആ സുരക്ഷാ ബലഹീനത ആരെയും അനുവദിക്കുമായിരുന്നു.” – മുത്തയ്യ വിശദീകരിച്ചു.
മുത്തയ്യ കണ്ടെത്തുന്ന ആദ്യത്തെ ബഗ്ഗല്ല ഇത്. മറ്റൊരാളുടെ അക്കൗണ്ട് ഹൈജാക്ക് ചെയ്യുന്നതിന് ഉപയോഗപ്പെടുത്തിയേക്കാവുന്ന ഒരു ഇന്‍സ്റ്റാഗ്രാം റേറ്റ് ലിമിറ്റിങ് ബഗ് അദ്ദേഹം മുമ്പ് കണ്ടെത്തിയിരുന്നു. മൈക്രോസോഫ്റ്റ് അക്കൗണ്ടിലും അതേ കേടുപാടുകളുണ്ടോ എന്ന് പരിശോധിച്ച് കണ്ടെത്തിയതോടെയാണ് അദ്ദേഹം മൈക്രോസോഫ്റ്റിന് കത്തെഴുതിയത്. സുരക്ഷാ ബലഹീനതയെ കുറിച്ച് അറിയിച്ചതിന് തൊട്ടുപിന്നാലെ മൈക്രോസോഫ്റ്റ് അതിനുള്ള നടപടി സ്വീകരിച്ചതായി മുത്തയ്യ പറഞ്ഞു.