10ന് മുമ്പ് പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തേക്കും
പൊളിച്ചുപണിത പാലാരിവട്ടം മേല്‍പ്പാലം ഇന്ന് വൈകുന്നേരം സര്‍ക്കാരിന് കൈമാറും. ബുധനാഴ്ച ഭാരപരിശോധനകള്‍ പൂര്‍ത്തിയായ പാലത്തില്‍ അവസാന മിനുക്ക് പണികള്‍ മാത്രമാണ് അവശേഷിച്ചിരുന്നത്. ഭാരപരിശോധന റിപ്പോര്‍ട്ട് ആര്.ബി.ഡി.സി.കെക്കും സംസ്ഥാന പൊതുമരാമത്തുവകുപ്പിനും കൈമാറും.
റിപ്പോര്‍ട്ട് വിലയിരുത്തി പൊതുമരാമത്തുവകുപ്പും ആര്.ബി.ഡി.സി.കെയും നല്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് പാലം പൊതുജനങ്ങള്‍ക്കായി തുറന്നുനല്കുക. ഈ മാസം 10ന് മുമ്പ് പാലം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തേക്കും.
മേല്‍പ്പാലത്തിന്റെ അവസാനഘട്ട പരിശോധനകള്‍ക്ക് വേണ്ടി ഡി.എം.ആര്.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന് ഇന്നലെ പാലാരിവട്ടം പാലം സന്ദര്‍ശിച്ചിരുന്നു. പാലാരിവട്ടം പാലം ഒരു സന്ദേശമാണെന്ന് ഇ.ശ്രീധരന് പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടിയാണ് ദൗത്യം ഏറ്റെടുത്തത്. പഴയ പാലത്തിന്റെ കേടുപാടുകള്‍ എവിടെയൊക്കെ എന്ന് കൃത്യമായി അറിഞ്ഞത് പൊളിച്ചുപണിയല്‍ എളുപ്പത്തിലാക്കി. പണി വേഗത്തില്‍ തീര്‍ക്കാനായതില്‍ ഇ.ശ്രീധരന് ഊരാളുങ്കല്‍ സൊസൈറ്റിക്ക് നന്ദി പറഞ്ഞിരുന്നു.
അതേസമയം ഡി.എം.ആര്.സിയുടെ യൂണിഫോം ജാക്കറ്റണിഞ്ഞ് തന്റെ ദീര്‍ഘകാലത്തെ ഔദ്യോഗിക ജീവിതത്തിലെ അവസാന ദൗത്യവും വിജയകരമായി പൂര്‍ത്തിയാക്കി മെട്രോമാന് ഇ. ശ്രീധരന്. ഒമ്പതുമാസത്തിനുള്ളില്‍ പണിപൂര്‍ത്തിയാക്കാമെന്ന് സര്‍ക്കാരിന് നല്കിയ വാക്ക് പാലിച്ച് അഞ്ചുമാസവും പത്തുദിവസവുംകൊണ്ട് പാലം ഗതാഗതയോഗ്യമാക്കി. ലാഭമുണ്ടാക്കാനല്ല ഡി.എം.ആര്.സി. പാലാരിവട്ടം പാലം പുനര്‍നിര്‍മാണം ഏറ്റെടുത്തതെന്നും നിര്‍മാണത്തിലെ ഗുണമേന്മ എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം എന്നാണ് പാലം പൂര്‍ത്തീകരണത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. നിര്‍മാണത്തില്‍ പങ്കെടുത്ത പ്രത്യേക നന്ദി പറയാനും ശ്രീധരന് മറന്നില്ല.