റിയാദ്: വിവിധ നിയമ ലംഘനത്തിന്റെ പേരില്‍ സൗദിയില്‍ പിടിയിലായ 1500 ലധികം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. സൗദി സര്‍ക്കാരിന്റെ അഞ്ചു വിമാനങ്ങളിലായാണ് വിവിധ സംസ്ഥാനക്കാരെ ഡല്‍ഹി വിമാനത്താവളത്തിലെത്തിച്ചത്. ഇഖാമ പുതുക്കാത്തവര്‍, ഹുറൂബായവര്‍, തൊഴില്‍ നിയമ ലംഘനത്തിന് പിടിയിലായവര്‍ എന്നിങ്ങനെ വിവിധ കുറ്റങ്ങളില്‍ പിടിക്കപ്പെട്ടവര്‍ക്കാണ് ഇന്ത്യന്‍ എംബസിയുടെ ഇടപെടലില്‍ നാട്ടിലെത്താനായത്. ഇവര്‍ നാട് കടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞു വരികയായിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലേക്ക് പോയവരിൽ 21 പേര്‍ മലയാളികളാണ്.
വിവിധ നിയമ ലംഘനങ്ങളില്‍ പിടിക്കപ്പെട്ട് തര്‍ഹീലുകളില്‍ കഴിഞ്ഞവരില്‍ ഏറ്റവും കൂടുതല്‍ യു.പി സ്വദേശികളാണ്. നൂറോളം പേരാണ് മലയാളികള്‍. എല്ലാവര്‍ക്കും നാട്ടിലെത്താനുള്ള രേഖകള്‍ എംബസി അധികൃതര്‍ ജയിലിലെത്തി നല്‍കി. പലരുടെയും കൈകളില്‍ പാസ്‌പോര്‍ട്ടുകളുണ്ടായിരുന്നില്ല. അവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. എംബസി സെക്കന്റ് സെക്രട്ടറി സുനില്‍കുമാര്‍, യൂസുഫ് കാക്കഞ്ചേരി എന്നീ എംബസി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഇവര്‍ക്ക് രേഖകള്‍ നല്‍കിയത്. ഇന്ത്യയിലേക്ക് വിമാന സര്‍വീസുകള്‍ കുറവായതിനാല്‍ എംബസിയുടെ പ്രത്യേക അഭ്യര്‍ഥന പ്രകാരമാണ് സൗദി അധികൃതര്‍ സൗജന്യ വിമാന യാത്രയൊരുക്കുന്നത്.
അതേസമയം ഇഖാമ കാലാവധി അവസാനിച്ച് പുതുക്കാത്തവര്‍ക്കും ഹുറൂബായവര്‍ക്കും എംബസി ഇടപെട്ട് ഫൈനല്‍ എക്‌സിറ്റ് അടിച്ചു നല്‍കുന്നുണ്ട്. അതിന് ഓണ്‍ലൈന്‍ ആയി എംബസിയില്‍ അപേക്ഷ നല്‍കണം. എന്നാല്‍ ഇവര്‍ സ്വന്തം ടിക്കറ്റിലാണ് നാട്ടിലെത്തേണ്ടത്. തര്‍ഹീലില്‍ കഴിയുന്നവര്‍ക്ക് മാത്രമേ സൗജന്യ ടിക്കറ്റ് ലഭ്യമാവുകയുളളൂ.