തിരുവനന്തപുരം : പെട്രോളിനും ഡീസലിനും ചരക്ക് സേവന നികുതി നടപ്പാക്കിയാല്‍ കേന്ദ്ര സര്‍ക്കാര്‍ നട്ടം തിരിയും. രണ്ടില്‍നിന്നുമുള്ള വരുമാനത്തിന്റെ പകുതിയിലേറെ നഷ്ടപ്പെടും. ബിജെപിയും കോണ്‍ഗ്രസുമുള്‍പ്പെടെ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കും വലിയ നഷ്ടമാകും. ഇതിനാലാണ് പെട്രോളിനും ഡീസലിനും ജിഎസ്ടി നടപ്പാക്കുന്നതില്‍ കേന്ദ്രത്തിന് താല്‍പര്യമില്ലാത്തത്.
എസ്ബിഐ ഗവേഷണ വിഭാഗത്തിന്റെ പഠനത്തില്‍ പെട്രോള്‍, ഡീസല്‍ ജിഎസ്ടി നടപ്പായാല്‍ കേന്ദ്രത്തിന് ഒരുലക്ഷം കോടി രൂപയുടെ വാര്‍ഷിക വരുമാന നഷ്ടമുണ്ടാകും. കഴിഞ്ഞവര്‍ഷം ഇവയില്‍നിന്ന് കേന്ദ്രത്തിന് ലഭിച്ചത് 2.04 ലക്ഷം കോടിയാണ്. നടപ്പുവര്‍ഷം ആദ്യ ഒമ്ബതുമാസത്തില്‍ 1.35 ലക്ഷം കോടിയും. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലാണ് ഈ വരുമാനം. എസ്ബിഐ റിപ്പോര്‍ട്ടില്‍ സംസ്ഥാനങ്ങളുടേതായ വരുമാന നഷ്ടം കണക്കാക്കുന്നത് 30,000 കോടി രൂപയാണ്. കേരളത്തിന്റെ നഷ്ടം 1721 കോടിയും. മഹാരാഷ്ട്ര 10,424 കോടി, രാജസ്ഥാന്‍ 6388 കോടി, മധ്യപ്രദേശ് 5489 കോടി, തമിഴ്നാട് 4915 കോടി, ആന്ധ്രാപ്രദേശ് 4856 കോടി, കര്‍ണാടക 3696 കോടി, തെലുങ്കാന 3026 കോടി, ഉത്തര്‍പ്രദേശ് 2419 കോടി, ഒഡിഷ 2060 കോടി എന്നിങ്ങനെയാണ് പ്രധാന സംസ്ഥാനങ്ങളുടെ വരുമാന നഷ്ടം. പെട്രോള്‍, ഡീസല്‍ ജിഎസ്ടിയില്‍ ആര്‍ക്കൊക്കെയാണ് താല്‍പര്യമില്ലാത്തതെന്ന് ഇതിലൂടെ വ്യക്തം.
അസംസ്കൃത എണ്ണയുടെ വിലയിലെ ഏറ്റക്കുറച്ചില്‍ കേന്ദ്ര എക്സൈസ് നികുതിയെ നേരിട്ട് ബാധിക്കുന്നില്ല. വില എത്രയായാലും ലിറ്റര്‍ പെട്രോളില്‍ 32.98 രൂപ ലഭിക്കും. വില മാറുന്നതിന്റെ നേര്‍ അനുപാതത്തില്‍ സംസ്ഥാന നികുതിയില്‍ വ്യത്യാസം വരും. ശനിയാഴ്ചയിലെ കണക്കില്‍ ലിറ്റര്‍ പെട്രോളിന് കേരളത്തിന് ലഭിക്കുന്നത് 21.27 രൂപ. ജിഎസ്ടി ഏര്‍പ്പെടുത്തിയാല്‍, കേന്ദ്രത്തിനും സംസ്ഥാനത്തിനും പരമാവധി 14 ശതമാനംവീതം ലഭിക്കും. ശനിയാഴ്ച പെട്രോളിന്റെ അടിസ്ഥാന വില 33.62 രൂപ. ലിറ്ററിന് 4.71 രൂപവീതം കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ലഭിക്കും. നിലവിലെ നികുതിയുമായി താരതമ്യത്തില്‍ കേന്ദ്രത്തിന് 28.27 രൂപയും സംസ്ഥാനത്തിന് 16.56 രൂപയും കുറയും.
പെട്രോള്‍ ജിഎസ്ടിയെ കേരളം സ്വാഗതം ചെയ്യുന്നത് നഷ്ടപരിഹാരത്തിനൊപ്പമാണ്. ലിറ്റര്‍ പെട്രോളില്‍ 30 രൂപ സെസ് ഏര്‍പ്പെടുത്തുകയും തുല്യമായി വീതിക്കുകയും ചെയ്താല്‍ കേന്ദ്ര നഷ്ടം 13.27 രൂപയാകും. സംസ്ഥാനത്തിന്റേത് 1.56 രൂപയും. ഈ കുറവ് നികത്താന്‍ നഷ്ടപരിഹാരത്തിന്, നിലവിലെ നഷ്ടപരിഹാര സെസിന്റെ കലാവധി നീട്ടാമെന്നും നിര്‍ദേശിച്ചു. ഇതെല്ലാം മറച്ചുവച്ചാണ് ജിഎസ്ടിക്ക് കേരളം തടസ്സമാകുന്നുവെന്ന നുണപ്രചാരണം.