ആഡംബര ഫോണുകളുടെ നിരയിലെ പ്രമാണിയാണ് ഐ ഫോണ്‍. വിലയേറിയ ഫോണ്‍ നഷ്ടപ്പെട്ടാല്‍ അല്ലെങ്കിൽ നഷ്ടപ്പെട്ടുവെന്നോ മോഷണം പോയി എന്നോ സംശയം തോന്നിയാല്‍ ഉപഭോക്താക്കളെ സഹായിക്കാനുള്ള സംവിധാനം ഐ ഫോണിൽ ഒരുക്കിയിട്ടുണ്ട്.
ഐഫോണില്‍ സ്റ്റോക്ക് ആയി വരുന്ന ‘ഫൈന്‍ഡ് മൈ ആപ്പ്’. എന്ന ആപ്ലിക്കേഷന്‍ ഓണ്‍ ആക്കി ഇട്ടാല്‍ നിങ്ങളുടെ ഫോണ്‍ എപ്പോള്‍ വേണമെങ്കിലും ട്രാക്ക് ചെയ്യാനാകും. മറ്റുള്ളവരുടെ ഐ ഫോണുകളും അവരുടെ അനുമതിയുണ്ടെങ്കിൽ നിങ്ങള്‍ക്ക് ഇത്തരത്തില്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കും. ഒന്നില്‍ കൂടുതല്‍ ആപ്പിള്‍ ഡിവൈസുകള്‍ ഉള്ളവര്‍ക്കും, ആപ്പിള്‍ ഡിവൈസുകള്‍ ഉപയോഗിക്കുന്ന സുഹൃത്തുക്കളും ബന്ധുക്കളും ഉള്ളവര്‍ക്കും ‘ഫൈന്‍ഡ് മൈ ആപ്പ്’ ഉപയോഗപ്രദമാകും.
നിങ്ങളുടെ നഷ്ടപ്പെട്ട ഐഫോണ്‍ ട്രാക്ക് ചെയ്യണമെങ്കില്‍ ആദ്യം ലൊക്കേഷന്‍ സേവനങ്ങള്‍ ഓണ്‍ ആക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. അതിനായി സെറ്റിങ്സ് ആപ്പില്‍ നിന്ന് പ്രൈവസി ഓപ്ഷന്‍ തിരഞ്ഞെടുത്ത് അതിൽ ലൊക്കേഷന്‍ സര്‍വീസ് തിരഞ്ഞെടുക്കുക. ലൊക്കേഷന്‍ സര്‍വീസ് പേജിലെ ഓണ്‍ ബട്ടണ്‍ ഇനേബിള്‍ ആക്കേണ്ടതാണ്. നിങ്ങളുടെ ലൊക്കേഷന്‍ കാണാനുള്ള അനുമതിയും ഇവിടെ നല്‍കാം
ഐ ക്ലൌഡിലൂടെ ഫൈന്‍ഡ് മൈ ഫോണ്‍ എന്ന വെബ്‌പേജ് ഉപയോഗിച്ചുകൊണ്ട് ഫോണ്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കും. ആപ്പിള്‍ ഐഡി ഉപയോഗിച്ച് ഐക്ലൗഡ് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് പേജിന്‍റെ മുകളിലുള്ള ഓള്‍ ഡിവൈസ് ഓപ്ഷനില്‍ ക്ലിക്കുചെയ്യുക. ഡ്രോപ്പ്ഡൗണ്‍ മെനുവിലെ നിങ്ങളുടെ ഐഫോണിനുള്ള എന്‍ട്രി ക്ലിക്കുചെയ്യുകയാണ് വേണ്ടത്.
സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ നിങ്ങളുമായി അവരുടെ ലൊക്കേഷന്‍ ഷെയര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ എവിടെയാണെന്ന് അറിയാനും ഐഫോണ്‍ ഉപയോഗിക്കാം. മറ്റൊരാളെ ട്രാക്ക് ചെയ്യണമെങ്കില്‍ ആ വ്യക്തി മെസേജ് ആപ്ലിക്കേഷന്‍ വഴി ഒരു തവണയെങ്കിലും നിങ്ങളുമായി ചാറ്റ് ചെയ്തിരിക്കണം. അവരുടെ ഫോണ്‍ ഉപയോഗിച്ച് സ്‌ക്രീനിന്‍റെ മുകളില്‍ നിങ്ങളുടെ പേര് ടാപ്പുചെയ്‌ത് ഇന്‍ഫോ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യണം. പിന്നീട് ഷെയര്‍ മൈ ലൊക്കേഷന്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കണം.
തുടര്‍ന്ന് വരുന്ന ഡ്രോപ്പ്ഡൗണ്‍ മെനുവില്‍ നിന്ന് ഈ വിവരങ്ങള്‍ എത്രനേരം ഷെയര്‍ ചെയ്യണമെന്ന് തെരഞ്ഞെടുക്കുക. ഒരു മണിക്കൂര്‍, ഒരു ദിവസം മുഴുവന്‍ എന്നിങ്ങനെയുള്ള ഓപ്ഷന്‍ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. ഇതിന് ശേഷം നിങ്ങളുടെ ഐ ഫോണില്‍ നിന്ന് ഫൈന്‍ഡ് മൈ ആപ്പ് ഉപയോഗിച്ച് അവരെ ട്രാക്ക് ചെയ്യാനാകും. മാപ്പ് ഉപയോഗിച്ച് ഫോണിന്റെ ലൊക്കേഷനും കണ്ടെത്താന്‍ സാധിക്കും.