തിരുവനന്തപരം: എസ്.എസ്.എല്‍.സി.-പ്ലസ് ടു പരീക്ഷാ നടത്തിപ്പില്‍ അനിശ്ചിതത്വം തുടരുന്നു. മാര്‍ച്ച് 17-ന് ആരംഭിക്കുന്ന 10,12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവെക്കാന്‍ സര്‍ക്കാര്‍ തിരഞ്ഞെടുപ്പു കമ്മീഷനോട് അനുമതി തേടിയെങ്കിലും ഇക്കാര്യയത്തില്‍ തീരുമാനമായില്ല. മാതൃകാ പരീക്ഷകള്‍ ഇന്നലെ അവസാനിച്ചതോടെ കൊല്ല പരീക്ഷയുടെ തീയതി സംബന്ധിച്ച് ആശങ്കയറിയിക്കുകയാണ് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും.
അദ്ധ്യാപകരെ തിരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് ചുമകലപ്പെടുത്തുന്നതിനാലും മൂല്യ നിര്‍ണയം നടത്തേണ്ട കേന്ദ്രങ്ങള്‍ സ്ട്രോങ് റൂമുകളായി മാറ്റുന്നതിനാലുമാണ് പരീക്ഷകള്‍ മാറ്റി വെക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. പരീക്ഷകള്‍ ഏപ്രില്‍ മാസം സംഘടിപ്പിക്കാനാകുമോ എന്നാണ് പരിശോധിക്കുന്നത്.
പരീക്ഷാ പേപ്പറുകള്‍ സൂക്ഷിക്കുന്ന, മൂല്യ നിര്‍ണയം നടത്തുന്ന 42 കേന്ദ്രങ്ങള്‍ തിരഞ്ഞെടുപ്പിനുള്ള സ്ട്രോങ്ങ് റൂമുകളാക്കി നിശ്ചയിച്ചിരിക്കുകയാണ്. ഇത് പരീക്ഷാ പേപ്പറുകള്‍ സൂക്ഷിക്കുന്നതിന് വലിയ തടസ്സം സൃഷ്ടിക്കും. വോട്ടെടുപ്പിനു ശേഷം പരീക്ഷകള്‍ നടത്താനുള്ള നീക്കത്തിലാണ് വിദ്യാഭ്യാസ വകുപ്പ്.
സ്ട്രോങ്ങ് റൂമുകള്‍ തിരഞ്ഞെടുപ്പിനു തൊട്ടടുത്ത ദിവസങ്ങളില്‍ മൂല്യനിര്‍ണയത്തിന് വിട്ടു നല്‍കുന്നതില്‍ സാങ്കേതിക തടസ്സങ്ങള്‍ നേരിടും. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പു ഫലം വന്നശേഷം പരീക്ഷകള്‍ ആരംഭിക്കാനാണ് സാധ്യത. പരീക്ഷ മാറ്റിവെക്കുന്നതിനെതിരെ അദ്ധ്യാപക സംഘടനകളിലും എതിര്‍പ്പ് ഉയരുന്നുണ്ട്. എന്നാല്‍ അദ്ധ്യാപക സംഘടനയായ കെ.എസ്.എ.ടി.എ. പരീക്ഷ മാറ്റാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.