മലപ്പുറം : പൊന്നാനിയിൽ സി ഐ ടി യു നേതാവ് പി. നന്ദകുമാറിനെ സ്ഥാനാർഥിയാക്കും എന്ന തീരുമാനത്തിൽ നിന്ന് പുറകോട്ടില്ലാതെ സിപിഎം. നന്ദകുമാർ സ്ഥാനാർത്ഥിയാകും എന്ന പ്രചാരണം വന്നതോട് കൂടി പ്രതിഷേധ സമരവുമായി ഇറങ്ങിയ നാട്ടുകാരിൽ ചിലർ ടി എം സിദ്ധീക്കിനെ സ്ഥാനാർത്ഥിയാക്കണം എന്ന ആവശ്യവുമായി പ്രകടനം നടത്തിയിരുന്നു. എന്നാൽ മുതിർന്ന തൊഴിലാളി നേതാവായ നന്ദകുമാറിനെ ഇനിയും തഴയുന്നത് നീതികേടാണ് എന്ന വിലയിരുത്തലായിരുന്നു പാർട്ടിയുടേത്.
എന്നാൽ പാർട്ടി തീരുമാനിച്ച വ്യക്തിയെ വിജയിപ്പിക്കാനായി എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുമെന്ന നിലപാടാണ് ടി എം സിദ്ദീഖ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. സിപിഎം സ്ഥാനാർത്ഥി ആരായിരുന്നാലും പൊന്നാനി മണ്ഡലത്തിൽ ഇടതുപക്ഷം വിജയിക്കും എന്ന പൂർണ്ണവിശ്വാസമാണ് സിദ്ധീഖ് മാധ്യമങ്ങളുമായി പങ്ക് വെച്ചത്.
സിറ്റിങ്ങ് എം എൽ എ സ്പീക്കർ ശ്രീരാമകൃഷ്ണനെ രണ്ട് ടേം മാനദണ്ഡത്തെ തുടർന്ന് വീണ്ടും പരിഗണിക്കാതിരുന്നതിനെ തുടർന്നാണ് സി പി എം പൊന്നാനിയിൽ പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിപ്പിക്കേണ്ടി വന്നത്.