സര്‍ക്കാറിന്റെ പ്രതിമാസ കടം 1482 കോടി; ആളോഹരി കടം 55,778 രൂപ
പൊതുകടത്തില്‍ 77 ശതമാനം വര്‍ധന വരുത്തിയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരം ഒഴിയുന്നതെന്ന് കൊച്ചിയിലെ ‘ദ പ്രോപ്പര്‍ ചാനല്‍’ വിവരാവകാശ നിയമപ്രകാരം സമ്പാദിച്ച രേഖകളില്‍നിന്ന് വ്യക്തമാകുന്നു. 57 മാസത്തിനിടെ 84,457.49 കോടി കടം വാങ്ങിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോയതെന്ന് സംഘടനയുടെ പ്രസിഡന്റ് എം.കെ. ഹരിദാസ് ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാറിന്റെ പൊതു കടം 2016 ൽ 1,09,730.97 കോടിയിൽ നിന്ന് 1,94,188.46 കോടിയായി ഉയര്‍ന്നു. ആളോഹരി കടം 32,129.23ല്‍ നിന്ന് 55,778.84 രൂപയായും വര്‍ധിച്ചു. പ്രതിമാസം 1482 കോടി കടം എടുത്തിരുന്നു.
2017 – 21ലെ അക്കൗണ്ടന്റ് ജനറലിന്റെ താല്‍ക്കാലിക കണക്കുപ്രകാരം ഒമ്പതു മാസത്തെ റവന്യൂ വരവ് 61670.40 കോടിയാണ്. പ്രതിമാസം ശരാശരി 6852.22 കോടി. ജീവനക്കാരുടെ ശമ്പളത്തിന് 2419.30 കോടിയും പെന്ഷന് 1550.90 കോടിയുമാണ് വേണ്ടത്. എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് ശമ്പളം നല്കാന് പ്രതിമാസം 640.08 കോടിയും എയ്ഡഡ് കോളജുകള്‍, സ്വകാര്യ എന്‍ജിനീയറിങ് കോളജുകള്‍, സ്വകാര്യ പോളിടെക്നിക്കുകള്, ഐ.ടി.ഐ, സ്വകാര്യ ആയുര്‍വേദ പഠന കേന്ദ്രങ്ങള്‍, സ്വകാര്യ ഹോമിയോ മെഡിക്കല്‍ കോളജുകള്‍ എന്നിവയിലെ ശമ്പളത്തിന് 730.97 കോടിയും വേണം.
21 മന്ത്രിമാര്‍ക്ക് ശമ്പളം നല്കാന് പ്രതിമാസം 19.5 ലക്ഷം, മുന്‍ മന്ത്രിമാര്‍, എം.എല്‍.എമാര്‍ എന്നിവരുടെ പെന്ഷന് പ്രതിമാസം 60 ലക്ഷം എന്നിങ്ങനെ ചെലവ് വരുന്നതായും വിവരാവകാശ രേഖകള്‍ പറയുന്നു. യുവജന കമീഷന് ഓഫിസ് പ്രവര്‍ത്തിപ്പിക്കാന്‍ പ്രതിമാസം 7.55 ലക്ഷവും ചെയര്‍പേഴ്സന്റെ ശമ്പളത്തിന് ഒരുലക്ഷവും ചെലവാകുന്നു. മുന്നോക്ക ക്ഷേമ കോര്പറേഷന് ഓഫിസ് നടത്തിപ്പിന് പ്രതിമാസം 1.47 ലക്ഷം ചെലവാക്കി.
വിത്ത് എടുത്തു കുത്തുക എന്ന പഴമൊഴിക്ക് പകരം വിത്ത് സൂക്ഷിക്കുന്ന പത്തായം കൂടി വിറ്റാണ് സര്‍ക്കാര്‍ ഭരണം നടത്തിയിരുന്നതെന്നതിന്റെ തെളിവാണ് ഇതെന്ന് ഹരിദാസ് ആരോപിച്ചു. പൂച്ച പെറ്റ് കിടന്ന ഖജനാവാണ് താന്‍ ഏറ്റെടുത്തതെന്നും പൊതുകടം കുറച്ച് സംസ്ഥാനത്തെ സമ്പല്‍സമൃദ്ധിയിലേക്ക് നയിക്കുമെന്ന് പറഞ്ഞ് ചുമതലയേറ്റെടുത്ത സാമ്പത്തിക ശാസ്ത്രഞ്ജന്‍ കൂടിയായ ധനമന്ത്രി, ദിനേന 50 കോടി കടം വാങ്ങിയാണ് നിത്യനിദാന ചെലവുകള്‍ നടത്തിയിരുന്നതെന്നാണ് വ്യക്തമാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.