ഒരുകാലത്ത് ചരിത്രമായിരുന്ന കാസറ്റ് ടേപ്പ് കണ്ടുപിടിച്ച ലൂ ഓട്ടന്‍സ് അന്തരിച്ചു. നെതര്‍ലണ്ടുകാരനായ അദ്ദേഹത്തിന് 94 വയസായിരുന്നു. 1960 കളില്‍, ഫിലിപ്സിന്‍റെ ബെല്‍ജിയന്‍ ഹാസ്സെല്‍റ്റ് ബ്രാഞ്ചിലെ ഉല്‍പ്പന്ന വികസന മേധാവിയായിരുന്ന കാലത്തായിരുന്നു ലൂ ഓട്ടന്‍സ് കാസറ്റ് ടേപ്പ് വികസിപ്പിച്ചത്.
വലിയ റീലുകളിട്ടാല്‍ പാട്ടുപാടുന്ന പച്ചയും മഞ്ഞയും നിറങ്ങളുള്ള ടേപ്പ് റെക്കോര്‍ഡുകള്‍ ഓട്ടന്‍സിനെ മടുപ്പിച്ചിരുന്നു. കൂടുതല്‍ ഉപയോക്തൃ സൗഹൃദവും ചെറുതുമായ പകരക്കാരനെ കണ്ടെത്താനുള്ള ത്വരയാണ് കാസറ്റ് ടേപ്പിലേക്ക് അദ്ദേഹത്തെ എത്തിക്കുന്നത്.
ഓട്ടന്‍സിന്‍റെ കണ്ടുപിടിത്തത്തിന് ആഗോളതലത്തില്‍ തന്നെ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. 1963ല്‍ വിപണിയിലെത്തിയതിന് ശേഷം 100 ബില്യണിലധികം കാസറ്റുകള്‍ വില്‍ക്കപ്പെട്ടു. എന്നാല്‍, സി.ഡിയുടെ കണ്ടുപിടിത്തത്തോടെ സംഗീത പ്രേമികള്‍ കാസറ്റുകള്‍ ഉപേക്ഷിച്ച് അതിലേക്ക് തിരിഞ്ഞു. ചരിത്രമായ സി.ഡി കണ്ടുപിടിത്തത്തിന് പിന്നിലും പ്രവര്‍ത്തിച്ചത് ഓട്ടന്‍സായിരുന്നു. അദ്ദേഹവും ഒപ്പം ഒരു കൂട്ടം എഞ്ചിനീയര്‍മാരും ചേര്‍ന്നായിരുന്നു വമ്പന്‍ ഹിറ്റായ സി.ഡി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്.
താനും സഹപ്രവര്‍ത്തകരും 1960കളില്‍ ഗവേഷണം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അത് എത്രത്തോളം പ്രാധാന്യമുള്ളതും ചരിത്രസംഭവവുമാണെന്ന കാര്യത്തില്‍ വലിയ ധാരണയുണ്ടായിരുന്നില്ലെന്ന്’ ഓട്ടന്‍സ് പതിറ്റാണ്ടുകള്‍ക്ക് ശേഷം പറഞ്ഞിരുന്നു. രസകരമായി കളിച്ചുകൊണ്ടിരിക്കുന്ന ചെറിയ കുട്ടികളുടെ പ്രതീതിയായിരുന്നു അന്ന് ഞങ്ങള്‍ക്ക്. എന്തോ വലിയ കാര്യം ചെയ്യുകയായിരുന്നു എന്ന തോന്നല്‍ ഒരിക്കല്‍പോലുമുണ്ടായിരുന്നില്ല. അതെല്ലാം ഒരുതരം കായിക വിനോദം പോലെയായിരുന്നു. – കാസറ്റ് നിര്‍മാണത്തിന്‍റെ ഓര്‍മകള്‍ പങ്കുവെക്കവേ ഓട്ടന്‍സ് പറഞ്ഞു.
അതിന് ശേഷവും തന്‍റെ കണ്ടുപിടുത്തത്തെ കുറിച്ച് അദ്ദേഹം അഭിമാനിച്ചിട്ടില്ല. ‘എന്‍റെ അഭിമാനം വളരെ കാലമായി ക്ഷയിച്ചുപോയി. അക്കാലത്ത് അത് ഒരു വലിയ സംഭവമായിരുന്നില്ല. അതിന്‍റെ ഫലമോ, പ്രാധാന്യമമോ ഞങ്ങള്‍ക്ക് മനസിലായിരുന്നില്ല. ഞങ്ങള്‍ വീണ്ടും ഗവേഷണം തുടരുക മാത്രമാണ് ചെയ്തത്. ജോലി ഒരിക്കലും അവസാനിച്ചില്ല. – ലൂ ഓട്ടന്‍സ് മൂന്നുവര്‍ഷം മുമ്പ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.