ന്യൂഡല്‍ഹി: ഇന്ത്യ അധികകാലം ഒരു ജനാധിപത്യ രാജ്യമായിരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ ഇപ്പോള്‍ പാകിസ്താനിലെപ്പോലെ സ്വേച്ഛാധിപത്യ ഭരണമാണെന്നും അയല്‍രാജ്യങ്ങളായ നേപ്പാള്‍, ബംഗ്ലാദേശ് എന്നിവയെക്കാളും മോശമാണെന്നുമുള്ള സ്വീഡിഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡെമോക്രസി റിപ്പോര്‍ട്ട് പങ്കുവെച്ചാണ് രാഹുലിന്റെ പ്രതികരണം.
മോദി സര്‍ക്കാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജ്യദ്രോഹം, മാനനഷ്ടം, ഭീകരവാദം എന്നിവ സംബന്ധിച്ച നിയമങ്ങള്‍ വിമര്‍ശകരെ നിശബ്ദരാക്കാന്‍ ഉപയോഗിക്കുന്നു. ഉദാഹരണമായി ബി.ജെ.പി സര്‍ക്കാര്‍ ഇതുവരെ 7000 ത്തോളം പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ഇതില്‍ ഭൂരിഭാഗവും ഭരണകൂടത്തെ വിമര്‍ശിക്കുന്നവര്‍ക്കെതിരെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാധ്യമപ്രവര്‍ത്തകരെ നിശബ്ദരാക്കാനും രാജ്യദ്രോഹക്കുറ്റം ഉപയോഗപ്പെടുത്തുന്നു. യു.എ.പി.എ നിയമം ദുരുപയോഗം ചെയ്യുകയും മതേതരത്വത്തില്‍ അധിഷ്ഠിതമായ ഭരണഘടനക്ക് വിരുദ്ധമാകുകയും ചെയ്യുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
രാഷ്ട്രീയ അവകാശങ്ങളും പൗരസ്വാതന്ത്ര്യവും 2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഇന്ത്യയില്‍ ഇല്ലാതായെന്ന യു.എസ് എന്‍.ജി.ഒയുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് സ്വീഡിഷ് റിപ്പോര്‍ട്ട്.