ആശങ്കയുണ്ടെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി
ജിദ്ദ: റാസ് തനൂറ തുറമുഖം, ദഹ്റാനിലെ അരാംകോ സ്ഥാപനങ്ങള്‍ ലക്ഷ്യമിട്ടുള്ള ഹൂതികളുടെ ആക്രമണ ശ്രമങ്ങള്‍ രാജ്യത്തിന്റെ സുരക്ഷയെയും അതിന്റെ സാമ്പത്തിക ശേഷിയെയും മാത്രമല്ല ആഗോള സമ്പദ്വ്യവസ്ഥയുടെ പ്രധാന കേന്ദ്രങ്ങളെയും എണ്ണവിതരണത്തെയും ലക്ഷ്യമിട്ടാണെന്ന് സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്ഹാന് പറഞ്ഞു. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം സൗദിയിലെത്തിയ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോഫുമൊത്ത് റിയാദില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ആഗോള ഊര്‍ജസുരക്ഷ സംരക്ഷിക്കുമെന്ന് മന്ത്രി പറഞ്ഞു. ഊര്‍ജവിതരണത്തിന്റെ സ്ഥിരതയും പെട്രോള്‍ കയറ്റുമതിയുടെയും സമുദ്ര ഗതാഗതത്തിന്റെയും അന്താരാഷ്ട്ര വ്യാപാരത്തിന്റെയും സുരക്ഷ ഉറപ്പുവരുത്താനും തീവ്രവാദ ആക്രമണങ്ങള്‍ തടയാനും വേണ്ട നടപടികള്‍ സ്വീകരിക്കും. ഹൂതി ആക്രമണത്തിനെതിരെ ഉറച്ച അന്താരാഷ്ട്ര നിലപാട് ഉണ്ടാകണം. റാസ് തനൂറ തുറമുഖത്തിന് നേരെയുള്ള ആക്രമണത്തെ അന്താരാഷ്ട്രതലത്തില്‍ വ്യാപകമായി അപലപിച്ചിട്ടുണ്ട്. സമ്പൂര്‍ണ വെടിനിര്‍ത്തലില്‍ എത്തിച്ചേരുക എന്നതാണ് യമനിലെ മുന്‍ഗണന. ഒരു വര്‍ഷം മുമ്പ് യമനില്‍ സഖ്യസേന എകപക്ഷീയമായി വെടിനിര്‍ത്തല്‍ നടത്തിയിരുന്നു. ഹൂതികളെ സമ്മര്‍ദത്തിലാക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന് വലിയ ഉത്തരവാദിത്തമുണ്ടെന്നും സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു.
യമനിലെ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരമുണ്ടാകാന്‍ സൗദിയുടെ പിന്തുണയുണ്ടാകുമെന്ന് വിദേശകാര്യമന്ത്രി ആവര്‍ത്തിച്ചു. റിയാദ് കരാര്‍ നടപ്പാക്കുന്നതും പുതിയ യമന്‍ ഗവണ്മെന്റ് രൂപവത്കരിക്കുന്നതും പ്രതിസന്ധിക്ക് സമഗ്ര രാഷ്ട്രീയ പരിഹാരത്തിലേക്ക് വഴിതുറക്കുന്നതിനുള്ള സുപ്രധാന ഘട്ടമാണ്. സമഗ്രമായ വെടിനിര്ത്തലിലേര്പ്പെടാനും രാഷ്ട്രീയപ്രക്രിയ ആരംഭിക്കാനും യു.എന്‍ പ്രതിനിധി നടത്തിയ ശ്രമങ്ങള്‍ക്ക് രാജ്യത്തിന്റെ പിന്തുണയുണ്ടായിരുന്ന കാര്യവും മന്ത്രി സൂചിപ്പിച്ചു. ഇറാന് ആണവായുധങ്ങളും ബാലിസ്റ്റിക് മിസൈലുകളും വികസിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ രാജ്യം പിന്തുണക്കുന്നു.
ഗള്‍ഫ് മേഖലയെ വന്‍ നാശമുണ്ടാക്കുന്ന ആയുധങ്ങളില്‍നിന്ന് മുക്തമാക്കുന്നതിനും രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും ബഹുമാനിക്കുന്നതിനും അവരുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാതിരിക്കാനുമാണിത്. മേഖലയുടെ സുരക്ഷയെക്കുറിച്ച് റഷ്യയുമായി തുടര്‍ന്നും സംഭാഷണവും കൂടിയാലോചനകളും പ്രതീക്ഷിക്കുന്നു. സിറിയിന്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കേണ്ടതിന്റെ പ്രാധാന്യം വീണ്ടും ആവര്‍ത്തിക്കുന്നു. എല്ലാത്തരം തീവ്രവാദ സംഘടനകളുടെയും വിഭാഗീയ മിലീഷ്യകളുടെയും ഇടപെടലുകള്‍ തടഞ്ഞ് സിറിയന്‍ ജനതക്ക് സുരക്ഷ ഉറപ്പുവരുത്താനുള്ള ശ്രമങ്ങളാണ് വേണ്ടതെന്നും സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു.
യമനിലെ സംഭവവികാസങ്ങളില്‍ റഷ്യക്ക് ആശങ്കയുണ്ടെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോഫ് പറഞ്ഞു. സൗദി വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കിടയില്‍ വിശദവും ഉപകാരപ്രദവുമായ ചര്‍ച്ചകള്‍ ഉള്‍പ്പെട്ടതായും അദ്ദേഹം അറിയിച്ചു. ഇരുരാജ്യങ്ങള്‍ തമ്മില്‍ സൗഹാര്‍ദപരവും ബഹുമുഖവുമായ ബന്ധങ്ങളുണ്ട്. വാണിജ്യ, സാമ്ബത്തിക, ശാസ്ത്രീയ മേഖലകളിലെ സഹകരണത്തിനായുള്ള റഷ്യന്‍ സൗദി കമ്മിറ്റിയുടെ പങ്കിനെ സ്വാഗതം ചെയ്യുന്നു.
കോവിഡ് വ്യാപനത്തിനെതിരെ പേരാടുന്നതിലും സഹകരണമുണ്ട്. റഷ്യന്‍ കോവിഡ് വാക്സിനിെന്റ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം സൗദിയില്‍ സംഘടിപ്പിക്കുന്നതിനും അതിെന്റ ഉല്പാദനം പ്രാദേശിവത്കരിക്കുന്നതിനെക്കുറിച്ചും പഠിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ചര്‍ച്ചകളിലേക്ക് മടങ്ങുകയും സമവായത്തിലൂടെ പ്രതിസന്ധി അവസാനിപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.