മലപ്പുറം: അഞ്ചുവര്‍ഷമായി താന്‍ വേട്ടയാടപ്പെടുകയാണെന്ന് പി.വി അന്‍വര്‍ എം.എല്‍.എ. ആഫ്രിക്കയില്‍ നിന്ന മടങ്ങിയെത്തിയ ശേഷം ആരോപണങ്ങള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടര്‍മാരോടും ജനങ്ങളോടും പറയേണ്ട കാര്യം പറഞ്ഞിട്ടാണ് പോയതെന്ന് അന്‍വര്‍ പറഞ്ഞു. മണ്ഡലത്തില്‍ ഇല്ലാതായാല്‍ എം.എല്‍.എ സ്ഥാനം നഷ്ടമാകില്ല. ജനങ്ങളില്‍ വിശ്വാസമുണ്ടെന്നും അന്‍വര്‍ പ്രതികരിച്ചു.
നാലര വര്‍ഷത്തോളം ജനങ്ങള്‍ക്കുവേണ്ടി മാത്രമാണ് പ്രവര്‍ത്തിച്ചത്. പ്രചരണ രംഗത്ത് നിന്ന് മാറി നില്‍ക്കേണ്ടി വരും. ഇപ്പോള്‍ ക്വാറന്റൈനിലാണ്. അതൊന്നും ബാധിക്കില്ല. ജനങ്ങള്‍ക്ക് എന്നെ അറിയാം. രാഷ്ട്രീയം കച്ചവടമാക്കിയിട്ടില്ല. കച്ചവടക്കാരനെന്ന നിലയില്‍ സാമ്പത്തികമായി അനേകം ബുദ്ധിമുട്ടുകളുണ്ടായി. ജനങ്ങളെ വിശ്വസിച്ചാണ് നിലമ്പൂരിലേക്ക് പോയത്. ജനങ്ങളേയും പാര്‍ട്ടിയെയും ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു.
അഞ്ച് വര്‍ഷമായി നിരന്തരമായി വേട്ടയാടപ്പെടുന്നു. ജനങ്ങളുടെ കൂടെ ജീവിക്കുന്നതിനാല്‍ ഒന്നിനെയും ഭയപ്പെടുന്നില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. പണം കൊടുത്ത് വോട്ട് വാങ്ങി ജയിച്ചെന്ന ആരോപണമുണ്ട്. ഏഴാം ക്ലാസില്‍ സ്കൂള്‍ ലീഡറായി തുടങ്ങിയ രാഷ്ട്രീയമാണ്. പണം കൊണ്ട് ജനങ്ങളെ വാങ്ങിയിട്ടില്ല. പണം ഇല്ലാത്തതിനാല്‍ അന്‍വര്‍ തോല്‍ക്കുമെന്ന ആരോപണം വിലപ്പോകില്ല. അതിന് ജനങ്ങള്‍ മറുപടി പറയുമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
മൈനിങ് ആക്ടിവിറ്റിക്കാണ് ആഫ്രിക്കയിലേക്ക് പോയതെന്നും അദ്ദേഹം വ്യക്തമാക്കി. സ്വര്‍ണവും രത്നവുമാണ് ഖനനം ചെയ്യുന്നത്. പശ്ചിമാഫ്രിക്കയില്‍ നടക്കുന്ന ഖനനമാണ്. പ്രവാസ ലോകത്ത് നിന്ന് മടങ്ങിയ ഒട്ടനവധി മലയാളികള്‍ അവിടെയുണ്ട്. ഒട്ടേറെ സാധ്യതകളുള്ള രാജ്യമാണ് ആഫ്രിക്ക. സാധാരണക്കാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒരുപാട് പ്രവൃത്തികളുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. അവസരങ്ങള്‍ മനസിലാക്കി കൊടുക്കുകയാണ് ലക്ഷ്യമെന്നും പി.വി അന്‍വര്‍ കൂട്ടിച്ചര്‍ത്തു.