പ്രസവം, കോവിഡ്, അപകടം, ഗുരുതരമായ മറ്റെന്തെങ്കിലും പ്രശ്നം എന്നിവയെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ സാധിച്ചില്ലെന്നതിന് തെളിവു ഹാജരാക്കുന്നവര്‍ക്കു മാത്രം
തിരുവനന്തപുരം: പിഎസ്സി നടത്തിയ പത്താം ക്ലാസ് യോഗ്യത വേണ്ട തസ്തികകളിലേക്കുള്ള പൊതു പരീക്ഷയുടെ നാലു ഘട്ടങ്ങളിലും മതിയായ കാരണം മൂലം പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി അഞ്ചാം ഘട്ട പരീക്ഷ നടത്താന്‍ പിഎസ്സി തീരുമാനം.
പ്രസവം, കോവിഡ്, അപകടം, ഗുരുതരമായ മറ്റെന്തെങ്കിലും പ്രശ്നം എന്നിവയെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ സാധിച്ചില്ലെന്നതിന് തെളിവു ഹാജരാക്കുന്നവര്‍ക്കു മാത്രമായിരിക്കും വീണ്ടും അവസരം നല്‍കുക.
ഗതാഗത തടസ്സം മൂലം പരീക്ഷയ്ക്ക് എത്താന്‍ സാധിക്കാത്തവര്‍ക്കും മറ്റും വീണ്ടും അവസരം നല്‍കില്ല. തടസം നേരിട്ടത് സംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ ഹാജരാക്കുന്ന രേഖകള്‍ പരിശോധിച്ചു പിഎസ്സിക്കു ബോധ്യപ്പെട്ടാല്‍ അടുത്ത ഘട്ട പരീക്ഷ എഴുതിപ്പിക്കും. എന്നാല്‍ വ്യാജ രേഖകളും മറ്റും ഹാജരാക്കിയാല്‍ നടപടി ഉണ്ടാകുമെന്നും ചെയര്മാന് അറിയിച്ചു.
ഫെബ്രുവരി 20, 25, മാര്‍ച്ച് 6, 13 തീയതികളിലായി 15 ലക്ഷത്തിലേറെ ഉദ്യോഗാര്‍ഥികള്‍ ഈ പരീക്ഷ എഴുതി. പരീക്ഷ എഴുതാന്‍ സാധിക്കാത്ത 13,000 പേര് ഇതിനോടകം പിഎസ്സിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. പരീക്ഷ എഴുതാത്തവരില്‍ രണ്ടായിരത്തോളം പേര്‍ക്ക് മാത്രമാണു നേരത്തേ തീയതി മാറ്റി നല്‍കിയത്.