ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
ന്യൂഡല്‍ഹി : പീഡനക്കേസിലെ ഇരകള്‍ അടക്കമുള്ളവര്‍ക്ക് പ്രത്യേക സാഹചര്യങ്ങളില്‍ ഗര്‍ഭച്ഛിദ്രം നടത്താനുള്ള കാലാവധി നിലവിലെ 20 ആഴ്ചയില്‍ നിന്ന് 24 ആഴ്ചയായി വര്‍ദ്ധിപ്പിക്കുന്ന മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ഭേദഗതി ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം. ബില്‍ ഇന്നലെ രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കി. ലോക്സഭ ഒരു വര്‍ഷം മുമ്പ് പാസാക്കിയതാണിത്.
പീഡനത്തിന് ഇരയാകുന്നവര്‍, നിര്‍ബന്ധ വേശ്യാവൃത്തി നടത്തേണ്ടി വരുന്നവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങി പ്രത്യേക സാഹചര്യങ്ങളിലുള്ളവര്‍ക്ക് ഭ്രൂണത്തിന് 24 ആഴ്ച പ്രായമായാലും ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കുന്നതാണ് ബില്‍. നിലവില്‍ 20 ആഴ്ച വരെയാണ് ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതിയുള്ളത്.
ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നതടക്കമുള്ള പ്രതിപക്ഷ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ശബ്ദ വോട്ടിനിട്ട് തള്ളി. ആഗോള തലത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദമായി പഠിച്ച ശേഷമാണ് നിയമ ഭേദഗതി തയാറാക്കിയതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഒരു സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് ദോഷം ചെയ്യുന്ന ഒരു നടപടിയും സ്വീകരിക്കില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്ദ്ധന് മറുപടിയില്‍ ചൂണ്ടിക്കാട്ടി.