റിയാദിലെ ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ പ്രവർത്തിക്കുന്ന കോവിഡ് 19 വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് 24 മണിക്കൂറും വാക്സിൻ കുത്തിവെപ്പ് നൽകുന്ന സേവനങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിൻ കുത്തിവെപ്പുകൾക്കായി എത്തുന്നവരുടെ വലിയ തിരക്ക് കണക്കിലെടുത്താണ് ഈ തീരുമാനം.
വാക്സിൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ ‘സ്വിഹത്തി’ ആപ്പിലൂടെ ഇതിനായുള്ള റജിസ്‌ട്രേഷൻ പൂർത്തിയാക്കാമെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം റജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുന്നതിനുള്ള സമയക്രമം തിരഞ്ഞെടുക്കാവുന്നതാണ്.
സൗദിയിൽ ഇതുവരെ 2.6 ദശലക്ഷം ഡോസ് വാക്സിൻ നൽകിയതായും മന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം 500-ൽ പരം വാക്സിനേഷൻ കേന്ദ്രങ്ങളാണ് നിലവിൽ പ്രവർത്തിക്കുന്നത്.