പ്രവാസികൾക്ക് പിഴ കൂടാതെ മടങ്ങുന്നതിനുള്ള ആനുകൂല്യം മാർച്ച് 31 വരെ

വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച ശേഷം ഒമാനിൽ അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് പിഴ കൂടാതെ രാജ്യം വിടാൻ അവസരം നൽകുന്ന പദ്ധതി 2021 മാർച്ച് 31-ന് അവസാനിക്കുമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. ഈ കാലാവധി നീട്ടി നൽകില്ലെന്നും, ഈ പദ്ധതിയുടെ ആനുകൂല്യം ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾ എത്രയും വേഗം ഇതിനുള്ള അപേക്ഷകൾ മന്ത്രലയത്തിൽ സമർപ്പിക്കണമെന്നും അധികൃതർ ഓർമ്മപ്പെടുത്തി.

മാർച്ച് 17-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. വിസ കാലാവധി അവസാനിച്ചവർക്കും, തൊഴിൽ പ്രശ്നങ്ങൾ നേരിടുന്നവർക്കും ഈ പദ്ധതിയുടെ കീഴിൽ ഒമാനിൽ നിന്ന് എന്നേക്കുമായി മടങ്ങുകയാണെങ്കിൽ, നില നിൽക്കുന്ന പിഴതുകകളും മറ്റും ഒഴിവാക്കി നൽകുന്നതാണ്.

ഈ ആനുകൂല്യം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ മാർച്ച് 31-ന് മുൻപായി അപേക്ഷകൾ സമർപ്പിക്കണമെന്ന് മന്ത്രാലയം ഈ അറിയിപ്പിലൂടെ ആവർത്തിച്ചു. മാർച്ച് 31-ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

ഈ പദ്ധതിയുടെ കീഴിൽ പിഴ ഒഴിവാക്കി ഒമാനിൽ നിന്ന് മടങ്ങുന്നതിന് ഔദ്യോഗിക അനുമതി ലഭിച്ച പ്രവാസികൾക്ക് 2021 ജൂൺ 30 വരെയുള്ള സമയപരിധിയാണ് രാജ്യം വിടുന്നതിനായി നിശ്ചയിച്ചിട്ടുള്ളതെന്നും ഒമാൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ അനുമതി ലഭിച്ചിട്ടുള്ള പ്രവാസികൾ ജൂൺ 30-ന് മുൻപ് നിർബന്ധമായും ഒമാനിൽ നിന്ന് മടങ്ങേണ്ടതാണ്. ഈ സമയപരിധി അവസാനിച്ച ശേഷം ഒമാനിൽ തുടരുന്ന ഇത്തരം പ്രവാസികൾക്ക് ഈ പദ്ധതിയുടെ കീഴിൽ അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങൾ, അനുമതികൾ മുതലായവയെല്ലാം റദ്ദ് ചെയ്യുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഇത്തരം പ്രവാസി തൊഴിലാളികൾക്ക് തങ്ങളുടെ നാടുകളിലേക്ക് മടങ്ങുന്നതിനായി 2020 നവംബർ 15 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവാണ് ഒമാൻ തൊഴിൽ മന്ത്രാലയം ആദ്യം അനുവദിച്ചിരുന്നത്. പിന്നീട് ഈ പദ്ധതിയുടെ ആനുകൂല്യം മൂന്ന് മാസത്തേക്ക് കൂടി നീട്ടി, 2021 മാർച്ച് 31 വരെ തുടരാൻ തൊഴിൽ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.

spot_img

Related Articles

Latest news