അബുദാബി : കൃത്രിമ മഴ പെയ്യിക്കാനുള്ള പുതിയ രീതി പരീക്ഷിച്ച് യുഎഇ. ഭാവിയില്‍ ലോകം നേരിടുന്ന വെല്ലുവിളി ജലക്ഷാമമാകുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതികള്‍ പരീക്ഷിക്കുന്നത്. യുഎഇയില്‍ നവംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് മഴക്കാലം. എന്നാല്‍ ഇത്തവണ മഴ കുറവായിരുന്നു. ചിതറിക്കിടക്കുന്ന മഴ മേഘങ്ങളെ യോജിപ്പിച്ച് ഒരിടത്തു കേന്ദ്രീകരിച്ച് കൂടുതല്‍ മഴ പെയ്യിക്കാനാണ് ലക്ഷ്യമിടുന്നത്.
യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് റീഡിങിലെ പ്രൊഫസര്‍ ഗില്‍സ് ഹാരിസണിന്റെ നേതൃത്വത്തില്‍ ദുബായ് സനദ് അക്കാദമിയില്‍ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. പരമ്പരാഗത മാര്‍ഗത്തെക്കാള്‍ 40% കൂടുതല്‍ മഴ പെയ്യിക്കാന്‍ ക്ലൗഡ് സാപ്പിങിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍. പുതിയ പരീക്ഷണത്തിലൂടെ സാധാരണത്തേതിനെക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്നും പ്രൊഫ.ഹാരിസണ്‍ പറഞ്ഞു.
ജലസമൃദ്ധിയും കാര്‍ഷിക മുന്നേറ്റവും ലക്ഷ്യമിട്ട് ക്ലൗഡ് സാപ്പിങ് എന്ന മഴമേഘ പദ്ധതി വിപുലമാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഡോ.അബ്ദല്ല അല്‍ മന്‍ദൂസ് പറഞ്ഞു. ഭൂഗര്‍ഭ ജല നിരപ്പ് ഉയര്‍ത്താനും കാര്‍ഷിക മേഖലകള്‍ വിപുലമാക്കാനും പദ്ധതി സഹായകമാകും. വിവിധ സംരംഭങ്ങളിലൂടെ ജല ലഭ്യത വര്‍ധിപ്പിക്കാനും മലിനജലം സംസ്‌കരിച്ച് പുനരുപയോഗിക്കാനും പദ്ധതിയുണ്ട്.