ആലപ്പുഴ: ബിജെപി രാഷ്ട്രത്തെ വിറ്റു തുലയ്ക്കുകയാണെന്നും അവര്‍ക്ക് കേരളത്തില്‍ നിലനില്‍ക്കാനാകില്ലെന്നും മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായ വി.എസ് അച്യുതാനന്ദന് മാതൃഭൂമിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്.
“ബിജെപി കേരളത്തില്‍ നേട്ടമുണ്ടാക്കാനായി ശ്രമിക്കും. വിമോചനസമരം തൊട്ടിങ്ങോട്ട് പ്രതിലോമശക്തികള്‍ ഇടതുപക്ഷത്തെപ്പോലെതന്നെ സജീവമാണ്. പക്ഷേ, ഇത് കേരളമാണ്. ഇടതുപക്ഷ മതനിരപേക്ഷ കേരളത്തില്‍ ബി.ജെ.പി.ക്ക് വേരുറപ്പിക്കാനാവില്ല. രാഷ്ട്രത്തെ വിറ്റുതുലയ്ക്കുന്ന ബിജെപിയെ ഏറ്റവും നന്നായി വിലയിരുത്തുന്നതും കേരളമാവും,” വി.എസ് പറഞ്ഞു.
സംസ്ഥാനത്ത് ഇടതുപക്ഷം ഭരണം തുടരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് വി.എസ് പറഞ്ഞു. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വിശ്രമമില്ലാതെ പണിയെടുക്കണമെന്നും നേട്ടങ്ങളുടെ തുടര്‍ച്ചയും വളര്‍ച്ചയും ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
“രണ്ടു പ്രളയങ്ങളും നിപയും കോവിഡുമൊക്കെ അതിജീവിച്ച് ജനങ്ങള്‍ക്ക് സംരക്ഷണകവചം ഒരുക്കിയ സര്‍ക്കാരിനെ ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഏതു കെടുതിയിലും അടുപ്പിലെ തീ അണയാതെ കാവല്‍നിന്ന ഇടതുപക്ഷത്തെയല്ലാതെ ജനങ്ങള്‍ക്ക് തിരഞ്ഞെടുക്കാനാവില്ല.”
പിണറായി വിജയന് എന്ന നേതാവിനെ കുറിച്ച് എന്തു കരുതുന്നു എന്ന ചോദ്യത്തിന് ഏതെങ്കിലും നേതാവിനെ വിലയിരുത്തുന്നതില്‍ കാര്യമില്ല എന്നായിരുന്നു വി.എസിന്റെ മറുപടി. എന്നാല്‍ നേതാവില്ലാതെ മുന്നണി നേതൃത്വത്തിന് പൂര്‍ണതയില്ലെന്നും പാര്‍ട്ടി ഏല്‍പ്പിച്ച കാര്യങ്ങള്‍ എങ്ങനെ നിറവേറ്റുന്നു എന്നതിലാണ് കാര്യമെന്നും വി.എസ് പറഞ്ഞു.
ആരോപണങ്ങളെ ഭയപ്പെട്ടാല്‍ ഒരു ഭരണാധികാരിക്കും ഭരണം നടത്താനില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വര്ണക്കടത്തുള്പ്പെടെ സര്‍ക്കാരിനെതിരായ ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു വി.എസിന്റെ പ്രതികരണം.
“ഞാന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മുഖ്യമന്ത്രിക്കെതിരേ നിലനില്‍ക്കുന്ന ഒരു ആരോപണം കണ്ടെത്തുന്നതിനുവേണ്ടി പ്രതിപക്ഷം ഒരു കമ്മിറ്റിയെ നിയോഗിക്കുകവരെ ചെയ്തിട്ടുണ്ടല്ലോ. കേന്ദ്ര ഏജന്‍സികളാണ് ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കുന്നത്. അതും, എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആവശ്യാര്‍ഥം. തിരഞ്ഞെടുപ്പുകാലത്ത് ആ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് എന്ന ആരോപണവും ഉണ്ട്. കടല്‍ കേരള സര്‍ക്കാരിന് വില്‍ക്കാനാവില്ലല്ലോ,” വി.എസ് പറഞ്ഞു.