കണ്ണൂർ: വോട്ടർ പട്ടികയിൽ വ്യാജ വോട്ടർമാരെ ചേർത്തവർക്കെതിരെ കർശന നടപടിയുണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ ആര് ജയിച്ചാലും എൽ ഡി എഫും യു ഡി എഫും തമ്മിൽ എപ്പോഴും ഒന്നര ലക്ഷത്തോളം വോട്ടിന്റെ മാത്രം വ്യത്യാസം മാത്രമാണ് ഉണ്ടാകാറുളളത്. എന്നാൽ ഇപ്പോഴത്തെ കണക്കനുസരിച്ച് നാലര ലക്ഷത്തോളം കളള വോട്ടുകളാണ് വോട്ടർ പട്ടികയിലുളളതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയക്ക് വ്യാജ വോട്ടർമാരെ നീക്കം ചെയ്യണം. ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഈ പ്രവണത അംഗീകരിക്കാനാകില്ല. ഒരു മണ്ഡലത്തിൽ വോട്ടുളള വോട്ടറുടെ പേരിൽ പല മണ്ഡലങ്ങളിൽ വ്യാജ വോട്ടുകൾ സൃഷ്ടിക്കപ്പെടുകയും തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.ഒരു വോട്ടർക്ക് രാജ്യത്ത് ഒരു വോട്ടും ഒരു തിരിച്ചറിയൽ കാർഡും മാത്രമേ ഉണ്ടാകാൻ പാടുളളൂവെന്നാണ് നിയമം. എന്നാൽ ഇത്തരത്തിൽ 140 മണ്ഡലങ്ങളിലായി ഒന്നര ലക്ഷത്തോളം കളള വോട്ടുകൾ ചേർക്കപ്പെട്ടിട്ടുണ്ട്. ഇതിനെക്കാൾ കൂടുതൽ ആളുകളുണ്ടാകാം.ഇരിക്കൂറിൽ 537 പേർ അന്യ മണ്ഡലങ്ങളിലെ വ്യാജ വോട്ടർമാരാണ്. 711 കളള വോട്ടുകളാണ് അഴീക്കോട് മണ്ഡലത്തിൽ ചേർത്തിട്ടുളളത്. ചേർത്തലയിൽ 1205 വോട്ടർമാരാണ് മറ്റ് മണ്ഡലങ്ങളിൽ നിന്ന് ഇടം നേടിയിരിക്കുന്നത്. കുണ്ടറയിൽ 387 പേരും ഇടംപിടിച്ചിട്ടുണ്ട്. ഇങ്ങനെ എല്ലാ മണ്ഡലത്തിലേയും കണക്കുകൾ തന്റെ കൈയിലുണ്ട്. എൽ ഡി എഫ് അനുഭാവമുളള ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കാളിത്തമുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Media wings: