കണ്ണൂർ:വിറക് കീറിക്കൊണ്ടിരുന്ന മുത്തശ്ശിക്ക് അരികിലേക്ക് ഓടിയെത്തിയ ഒന്നരവയസ്സുകാരന് വെട്ടേറ്റ് ദാരുണാന്ത്യം. കണ്ണൂർ ആലക്കോട് കോളിനഗറിലാണ് സംഭവം.അബദ്ധത്തിലാണ് കുട്ടിക്ക് വെട്ടേറ്റത്. നാരായണിക്ക് കാഴ്ചപരിമിതിയുണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു. ഒരു കണ്ണിന് പൂർണമായും കാഴ്ച നഷ്ടപ്പെട്ടതാണ്.
ദയാലിന്റെ അമ്മയുടെ വീട്ടില്‍ വച്ചാണ് സംഭവം. പൂവഞ്ചാലിലെ വിഷ്ണു കൃഷ്ണന്റെയും പ്രിയയുടെയും മകൻ ദയാല്‍ ആണ് മരിച്ചത്. മുത്തശ്ശി പുലിക്കിരി നാരായണി (80) വിറകുകീറുന്നതിനിടയിലാണ് അബദ്ധത്തില്‍ കുഞ്ഞിന് വെട്ടേറ്റത്. കുഞ്ഞിന്റെ തലയ്‌ക്കാണ് പരിക്കേറ്റത്.
സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ അമ്മ പ്രിയ വീട്ടിലുണ്ടായിരുന്നു. ഇവരുടെ നിലവിളി കേട്ടെത്തിയവരാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. സഹോദരി: ദീക്ഷിത (നാല്).
മൃതദേഹം കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൊഴിയെടുത്തശേഷം ബോധപൂർവമല്ലാത്ത നരഹത്യക്ക് നാരായണിയുടെ പേരില്‍ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. സംസ്കാരം ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പില്‍.