ബിഹാർ : ബീഹാറിലെ മുൻഗറില്‍ 13 വയസ്സുമാത്രം പ്രായമുള്ള പെണ്‍കുട്ടിയെ മഴു കൊണ്ട് വെട്ടിക്കൊന്നു. പെണ്‍കുട്ടിയെ ബലാത്‌സംഗത്തിന് ഇരയാക്കിയ ശേഷം ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.മുഫാസില്‍ പോലീസ് സ്റ്റേഷൻ പരിധിയിലെ ബെനിഗിർ നയാ തോലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ കുടുംബം പ്രാർത്ഥന നടത്താൻ പോയപ്പോഴാണ് അക്രമികള്‍ ഈ ക്രൂരമായ കൊലപാതകം നടത്തിയതെന്ന് പറയപ്പെടുന്നു. മുഫാസില്‍ പ്രദേശവാസിയായ മുഹമ്മദ് ഫക്രുദ്ദീന്റെ 13 വയസ്സുള്ള മകളാണ് അജ്ഞാത സംഘത്തിന്റെ ക്രൂര ആക്രമണത്തിന് ഇരയായത്. നമസ്‌കാരം കഴിഞ്ഞ് വീട്ടുകാർ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് കുടുംബാംഗങ്ങളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.