കണ്ണൂർ: കണ്ണൂർ ജില്ലയിലെ ചെറുകുന്ന് പുന്നച്ചേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം. കാസർകോട് ജില്ലയിലെ ചിറ്റാരിക്കല്‍ മണ്ഡപം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.തിങ്കളാഴ്ച രാത്രി 10.45-ഓടെയായിരുന്നു അപകടം.
മരിച്ചവരില്‍ മണ്ഡപം ചൂരിക്കാട്ട് സുധാകരൻ (49), കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തില്‍ കെ.എൻ.പദ്മകുമാർ (59) എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവരുള്‍പ്പെടെ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും കുട്ടിയുമായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. നാലുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. കുട്ടി ആശുപത്രിയിലേക്ക് കൊണ്ടുംപോകും വഴിയാണ് മരിച്ചത്.
പുന്നച്ചേരി പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്. കണ്ണൂർ ഭാഗത്തേക്ക് ഗ്യാസ് സിലിൻഡർ കയറ്റി പോകുകയായിരുന്ന ലോറിയും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാർ ലോറിക്കടിയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു.