തൃശൂർ : പാലപ്പിള്ളി എച്ചിപാറയില് പേയിളകിയ പശുവിനെ വെടിവച്ചു കൊന്നു. പേയിളകിയെന്ന സംശയത്തെ തുടര്ന്ന് നിരീക്ഷണത്തിലായിരുന്നു പശു. എച്ചിപ്പാറ ചക്കുമ്മല് കാദറിന്റെ പശുവിനെയാണ് വെടിവെച്ച് കൊന്നത്. കഴിഞ്ഞ മാസം നടാമ്പാടം ആദിവാസി കോളനി നിവാസി പേവിഷബാധയേറ്റ് മരിച്ചിരുന്നു. ഇവര്ക്ക് നായുടെ കടിയേറ്റ സമയത്ത് പ്രദേശത്ത് വ്യാപകമായി വളര്ത്തുമൃഗങ്ങള്ക്കും തോട്ടത്തില് മേയുന്ന പശുക്കള്ക്കും പേവിഷബാധയേറ്റതായി സംശയിച്ചിരുന്നു.
പ്രദേശത്ത് കടിയേറ്റ വളര്ത്തു നായകളെ അനിമല് സ്ക്വാഡിന്റെ നേതൃത്വത്തില് നിരീക്ഷിച്ചുവരികയായിരുന്നു. ഒപ്പം ഖാദറിന്റ പശുവിനെയും നിരീക്ഷണത്തിലാക്കി. ഇതിനിടെ വനം വകുപ്പ് ജീവനക്കാരന്റെ വീട്ടിലെ വളര്ത്തുനായ് രണ്ടാഴ്ച മുമ്പ് ചത്തിരുന്നു. പിന്നിട് പേയിളകിയതിന്റെ ലക്ഷണങ്ങള് കാണിച്ച പശു തോട്ടത്തില് അക്രമാസക്തമായി പാഞ്ഞു നടക്കാന് ആരംഭിച്ചു. ഇതോടെ പോലീസ്, വെറ്റിനറി, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം തേടി.
ഒടുവില് അധികൃതരുടെ സാന്നിധ്യത്തില് വെടിവെക്കാന് ലൈസന്സുള്ള വടക്കൊട്ടായി സ്വദേശി ആന്റണി പശുവിനെ വെടിവെച്ചു കൊല്ലുകയായിരുന്നു.
കൊന്ന പശുവിനെ പിന്നിട് വെറ്റിനറി വകുപ്പിന്റെ നിര്ദേശപ്രകാരം കുഴിച്ചിടുകയും ചെയ്തു. ചിമ്മിനി, എച്ചാപ്പാറ പ്രദേശങ്ങളിലും നടാമ്പാടം കോളനിയിലും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില് വാക്സിന് വിതരണം നടത്തിയിട്ടുണ്ട്. മേഖലയിലെ വളര്ത്തുമൃഗങ്ങള്ക്കും പ്രതിരോധ കുത്തിവെപ്പ് നടത്തിയിട്ടുണ്ട്.