കോഴിക്കോട് നല്ലളത്ത് പതിനഞ്ചുകാരിയെ സ്കൂള്‍ വിദ്യാർഥികള്‍ ചേർന്ന് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായി പരാതി.13, 14 വയസുള്ള സുഹൃത്തുക്കളായ രണ്ട് വിദ്യാർഥികള്‍ ചേർന്നാണ് പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ആറാം ക്ലാസുകാരനായ മറ്റൊരു വിദ്യാർഥി പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകർത്തി പ്രചരിപ്പിച്ചതായും പരാതിയുണ്ട്.കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഒരാഴ്ച മുമ്പ് സ്കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് താൻ പീഡനത്തിനിരയായ വിവരം 15കാരി പെണ്‍കുട്ടി പുറത്തു പറയുന്നത്. തൊട്ടടുത്ത സ്കൂളിലെ സുഹൃത്തുക്കള്‍ കൂടിയായ 13ഉം, 14ഉം വയസുള്ള വിദ്യാർത്ഥികളാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിനു ശേഷം മാനസികമായി തകർന്ന വിദ്യാർഥിനി സംഭവം രക്ഷിതാക്കളോടോ, അധ്യാപകരോടോ പറഞ്ഞിരുന്നില്ല. പെണ്‍കുട്ടിയില്‍ നിന്നും വിവരമറിഞ്ഞ അധ്യാപകർ വിവരം ബന്ധുക്കളെയും, പൊലീസിനെയും അറിയിച്ചു. ആറാം ക്ലാസില്‍ പഠിക്കുന്ന മറ്റൊരു വിദ്യാർഥി പീഡന ദൃശ്യം പകർത്തി പ്രചരിപ്പിച്ചതായും പരാതിയിലുണ്ട്.
പൊലീസ് ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയ്ക്ക് വിവരം കൈമാറുകയായിരുന്നു. സംഭവത്തില്‍ ആരോപണ വിധേയരായ മൂന്നു വിദ്യാർഥികളെയും ചൊവ്വാഴ്ച ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിക്ക് മുൻപാകെ ഹാജരാക്കാൻ പൊലീസിന് നിർദ്ദേശം നല്‍കി. ആരോപണ വിധേയരായ മൂന്ന് പേർക്കും പ്രായപൂർത്തി ആവാത്തതിനാല്‍ കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ചായിരിക്കും നടപടികളിലേക്ക് കടക്കുക എന്ന് ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റി അറിയിച്ചു. ഫറോക്ക് എസിപിക്കാണ് കേസിന്റെ അന്വേഷണ ചുമതല.