പത്തനംതിട്ട: അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചും മർദിച്ചും കൊലപ്പെടുത്തിയ കേസില്‍ രണ്ടാനച്ഛന് വധശിക്ഷ. തമിഴ്നാട് രാജപാളയം സ്വദേശി അലക്സ് പാണ്ഡ്യ(26) നാണ് വധശിക്ഷ വിധിച്ചത്.പത്തനംതിട്ട അഡീഷണല്‍ സെഷൻസ് കോടതി (ഒന്ന്) ആണ് വിധി പ്രഖ്യാപിച്ചത്.
പ്രതി കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, ബലാത്സംഗം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, പോക്സോ, ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് ഉള്‍പ്പെടെ പ്രതിക്കെതിരേ ചുമത്തിയ 16 വകുപ്പുകള്‍ ചുമത്തിയിരുന്നു.
2021 ഏപ്രില്‍ അഞ്ചിന് കുമ്പഴയിലെ വാടകവീട്ടില്‍ വെച്ചായിരുന്നു കൊലപാതകം. കുഞ്ഞിന്റെ ശരീരത്തില്‍ 67 മുറിവുകളുണ്ടായിരുന്നു. കത്തികൊണ്ട് മുറിവേല്‍പ്പിച്ചെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും തെളിഞ്ഞിരുന്നു. മരണകാരണം നെഞ്ചിനേറ്റ ക്ഷതമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടില്‍ പറഞ്ഞത്. രാജപാളയത്ത് താമസിച്ചപ്പോഴും പ്രതി കുട്ടിയെ ഉപദ്രവിച്ചിരുന്നു. പരിക്കേറ്റ കുട്ടി ഏതാനും നാള്‍ തിരുനെല്‍വേലി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിടുത്തെ ഡോക്ടർ ഉള്‍പ്പെടെ കേസില്‍ സാക്ഷിയായി.
പത്തനംതിട്ട ഡിവൈഎസ്പി ആയിരുന്ന പ്രദീപ്കുമാറിന്റെ മേല്‍നോട്ടത്തില്‍ അന്നത്തെ എസ്‌എച്ച്‌ഒ ബിനീഷ് ലാല്‍ ആണ് കേസ് അന്വേഷിച്ചത്. 2021 ജൂലായ് അഞ്ചിന് കുറ്റപത്രം സമർപ്പിച്ചു. അഡ്വ. നവീൻ എം.ഈശോ ആണ് കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍. കേസിന്റെ വിചാരണസമയത്ത് പ്രതി അക്രമാസക്തനായി സ്വയം മുറിവേല്‍പ്പിച്ചിരുന്നു.