റിയാദ്: ‘അമ്മക്കൊരു നന്മത്തണൽ’ എന്ന പേരിൽ ക്യാൻസർ രോഗികളായ അമ്മമാർക്ക് പുതിയ സഹായ പദ്ധതി പ്രഖ്യാപിച്ച് കൊണ്ട്, വിവിധ പരിപാടികളുമായി ഒരാഴ്ച നീണ്ടു നിന്ന നന്മ കരുനാഗപ്പള്ളി കൂട്ടായ്മയുടെ നന്മോത്സവം -2026 ന് പരിസമാപ്തി.
ഫെബ്രുവരി ആറിനു റിയാദ് ഷോല മാൾ അൽ വഫ അട്രിയത്തിൽ നടന്ന വാർഷികാഘോഷം വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് ചാപ്റ്റർ മുൻ പ്രസിഡന്റ് ഡോ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രമുഖ സോഷ്യൽ മീഡിയ അനലിസ്റ്റ് ഡോ. അനിൽ മുഹമ്മദ് മുഖ്യാതിഥി ആയിരുന്നു.
കരുനാഗപ്പള്ളി സ്വദേശിനികളായ പട്ടുറുമാൽ സീസൺ 12 ടൈറ്റിൽ വിന്നറും ഫ്ലവർസ് ടോപ്പ് സിംഗർ ഫൈനലിസ്റ്റുമായ അസ്ന നിസ്സാമിനെയും ശിവഗിരി മഹാസമ്മേളനത്തിൽ ദൈവദശകം ആലപിച്ച് പ്രശസ്തയായ അഷ്ഫിയ അൻവറിനെയും കൂടാതെ, കലോത്സവ പ്രതിഭയായ അസിൻ വെള്ളിലയും ആഘോഷരാവിൽ കലാവിരുന്നൊരുക്കി.
നന്മയുടെ ആറാമത് വാർഷികത്തോടനുബന്ധിച്ചാണ് നന്മോത്സവം സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി റിയാദ് പ്രിൻസ് സുൽത്താൻ ആശുപത്രിയിൽ രക്തദാന ക്യാമ്പും നടത്തുകയുണ്ടായി. നന്മ ബിസിനസ്സ് ഐക്കൺ അവാർഡ് മുനീർ കണ്ണങ്കരയ്ക്കും ഹ്യൂമാനിറ്റേറിയൻ അവാർഡ് റഹ്മത്ത് അഷ്റഫിനും സമ്മേളനത്തിൽ സമ്മാനിച്ചു.
ഏഷ്യൻ അറബ് ചേമ്പർ ഓഫ് കൊമേഴ്സിൻ്റെ സൗദിയിലെ ഹോണററി ട്രേഡ് കമ്മീഷണറായി നിയമിതനായ കരുനാഗപ്പള്ളി സ്വദേശി ഹാരീസ് ഹനീഫ, നന്മയുടെ പ്രതിമാസ ഭക്ഷ്യധാന്യ കിറ്റുകൾ കഴിഞ്ഞ ആറര വർഷമായി മുടങ്ങാതെ വിതരണം ചെയ്യുന്ന മഹബൂബ് കരുനാഗപ്പള്ളി, റിയാദ് മാരത്തണിൽ മലയാളി സാന്നിദ്ധ്യമായിരുന്ന കബീർ കരുനാഗപ്പള്ളി, രക്തദാന ക്യാമ്പുകളെ പ്രോത്സാഹിപ്പിക്കുന്ന പ്രിൻസ് സുൽത്താൻ കാർഡിയാക് സെൻ്ററിലെ ഡോക്ടർ അബ്ദുൽ മജീദ് എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.
അഷ്ഫിയ അൻവറിൻ്റെ ദൈവദശകം പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ നന്മ പ്രസിഡൻ്റ് നൗഫൽ കോടിയിൽ അദ്ധ്യക്ഷനായിരുന്നു. ബഷീർ ഫത്തഹുദ്ദീൻ സ്വാഗതവും അനസ് ലത്തീഫ് കൃതജ്ഞതയും ആശംസിച്ചു. ഹിബാ അബ്ദുൽ സലാം അവതാരകയായിരുന്നു. നന്മ അംഗം കൂടിയായ ചിത്രകാരൻ സാബു ഫസൽ വരച്ച രേഖാചിത്രം മുഖ്യാതിഥിയ്ക്ക് സമ്മാനിച്ചു.
ഷാജഹാൻ മൈനാഗപ്പള്ളി, ഷമീർ തേവലക്കര , ജാനിസ് , നവാസ് ലത്തീഫ് തുടങ്ങിയവർ അതിഥികൾക്ക് ഉപഹാരം നൽകി. നന്മ ജനറൽ സെക്രട്ടറി അഖിനാസ് എം കരുനാഗപ്പള്ളി, ട്രഷറർ റിയാസ് വഹാബ്, ഹ്യൂമാനിറ്റി കൺവീനർ ഷുക്കൂർ മണപ്പള്ളി, സത്താർ മുല്ലശ്ശേരി, മുനീർ മണപ്പളളി, സജീവ് ചിറ്റുമൂല, ഷമീം ഹാരിസ്, അഷ്റഫ് മുണ്ടയിൽ, ഷിഹാബ് കുഴിയിൽ, ഷെഹൻഷാ റഷീദ്, ഷമീർ കുനിയത്ത്, അനസ് സലീം, സുൽഫിക്കർ, റിയാസ് സുബൈർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

