എ കെ ശശീന്ദ്രന്റെ രാജി ആവശ്യം ശക്തമാക്കാൻ പ്രതിപക്ഷം

പീഡന പരാതി ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മന്ത്രി എ കെ ശശീന്ദ്രന്‍റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു. നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ പ്രശ്നം ഉന്നയിക്കുന്നതിനൊപ്പം സഭയ്ക്ക് പുറത്തും പ്രതിഷേധം കടുപ്പിക്കും.

വിഷയത്തില്‍ ഇന്നലെ മുഖ്യമന്ത്രിയോട് ഫോണിൽ വിശദീകരണം നൽകിയ മന്ത്രി എ കെ ശശീന്ദ്രൻ കോഴിക്കോട് നിന്നും തലസ്ഥാനത്തെത്തിയിട്ടുണ്ട്. സിപിഎം കരുതലോടെയാണ് പ്രശ്നത്തിൽ പ്രതികരിച്ചത്.

വീണ്ടും ഫോൺ സംഭാഷണത്തിൽ എ കെ ശശീന്ദ്രൻ കുടുങ്ങുമ്പോൾ മന്ത്രി മാത്രമല്ല സർക്കാരും ഒപ്പം വെട്ടിലായി. എൻസിപി അന്വേഷണ കമ്മീഷനെ വച്ച സാഹചര്യത്തിൽ ആ പാർട്ടി നിലപാട് എടുക്കും വരെ കാത്തിരിക്കാമെന്നാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാട്.

പരാതിക്കാരിയും കുടുംബവും മന്ത്രിക്കെതിരെ കൂടുതൽ ആരോപണം ഉന്നയിച്ചത് സിപിഎമ്മിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. സ്ത്രീ സുരക്ഷ വലിയ ചർച്ചയാകുകയും സ്ത്രീകളിൽ നിന്ന് പരാതി വീട്ടിലെത്തി സ്വീകരിക്കാൻ പുതിയ പദ്ധതിയുമൊക്കെ പ്രഖ്യാപിച്ച് സർക്കാർ മുന്നോട്ട് പോകുന്നതിനിടെയാണ് പീഡന പരാതി നല്ല നിലയിൽ തീ‍ർക്കണമെന്ന മന്ത്രി എ കെ ശശീന്ദ്രന്‍റെ ഫോൺ സംഭാഷണം പുറത്താകുന്നത്.

പാർട്ടിയിലെ ആഭ്യന്തര പ്രശ്നം തീർക്കാനുള്ള ഇടപെടൽ എന്നാണ് മന്ത്രിയുടെ പ്രതിരോധം. എന്നാൽ പൊലീസ് കേസെടുക്കാൻ പോലും തയ്യാറാകുന്നില്ലെന്ന പരാതി ഉയർന്ന സംഭവത്തിലാണ് തീർപ്പാക്കാനുള്ള മന്ത്രിയുടെ ഇടപെടൽ എന്നത് സ്ഥിതി ഗുരുതരമാക്കുന്നു. നിയമസഭാ സമ്മേളനം നാളെ തുടങ്ങാനിരിക്കെ പ്രതിപക്ഷം രാജി ആവശ്യം ശക്തമാക്കും.

spot_img

Related Articles

Latest news