മലപ്പുറം: എടവണ്ണയിലെ ഒരു വീട്ടില്‍നിന്ന് വൻ ആയുധശേഖരം പൊലീസ് പിടിച്ചെടുത്തു. ഉണ്ണിക്കമ്മദ് എന്നയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
പരിശോധനയിൽ 20 എയർ ഗണ്ണുകളും, മൂന്ന് റൈഫിളുകളും, 200-ലധികം വെടിയുണ്ടകളും, 40 പെല്ലറ്റ് ബോക്‌സുകളും പൊലീസ് പിടികൂടി. വീടിന്റെ മുകളിലെ മുറിയിൽ നിന്ന് ഒരു റൈഫിളും 40 തിരകളും ഒരു എയർഗണ്ണും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വീടിന് താഴെയുള്ള ഷട്ടറിട്ട ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വൻ ആയുധ ശേഖരം പുറത്തുവന്നത്.
ആയുധങ്ങള്‍ അനധികൃതമായി സൂക്ഷിച്ച് വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് റെയ്ഡ് നടത്തിയത്. പിടിച്ചെടുത്ത ആയുധങ്ങള്‍ എവിടെ നിന്നാണ് എത്തിച്ചതെന്ന് വ്യക്തമായിട്ടില്ല.
പ്രതിയെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. സംഭവത്തില്‍ കൂടുതല്‍ പരിശോധനയും അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.