വിമാനത്തില്‍നിന്നു മലയാളി യുവതി ഇറങ്ങി ഓടി; ദുബായിയില്‍ നാടകീയ രംഗങ്ങള്‍

ദുബൈ: ചെക്കിംഗ് നടപടികള്‍ കഴിഞ്ഞ് വിമാനത്തിനുള്ളിലെത്തിയ മലയാളി യുവതി അപ്രതീക്ഷിതമായി വിമാനത്തിനുള്ളില്‍നിന്നു പുറത്തേക്ക് ഇറങ്ങി ഓടി.

ചൊവ്വാഴ്ച വൈകുന്നേരം 6.30ന് ദുബായി വിമാനത്താവളത്തിലെ ടെർമിനല്‍ രണ്ടിലാണ് നാടകീയവും അപകടകരവുമായ സംഭവങ്ങള്‍ അരങ്ങേറിയത്.

ദുബായിയില്‍നിന്നു കണ്ണൂരിലേക്ക് വരികയായിരുന്ന ഐഎക്സ് 748-ാം നമ്ബർ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തില്‍നിന്നാണ് 30 വയസുള്ള യുവതി ഗ്രൗണ്ടിലേക്ക് ഇറങ്ങി ഓടിയത്. ഒറ്റയ്ക്കായിരുന്നു ഇവരുടെ യാത്ര.

വിമാനത്തില്‍ കയറിയ യുവതി സീറ്റില്‍ ഇരിക്കാതെ പൈലറ്റ് ഇരിക്കുന്ന ഭാഗത്തുള്ള വാതിലിനടുത്ത് പോയി നില്‍ക്കുകയായിരുന്നു. യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള മൂന്ന് എയർ ഹോസ്റ്റസുമാർ യുവതിക്ക് സമീപം നിലയുറപ്പിച്ചു.

പേടിയാണെന്നും തനിക്ക് യാത്ര ചെയ്യേണ്ടെന്നും അച്ഛനെ കാണണമെന്നും പറഞ്ഞു വാതിലിനു പുറത്തേക്ക് പോകാൻ ശ്രമിച്ച യുവതിയെ വിമാന ജീവനക്കാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാല്‍, ജീവനക്കാരെ വെട്ടിച്ച്‌ യുവതി പുറത്തേക്ക് ഓടുകയായിരുന്നു. യുവതിയുടെ അപ്രതീക്ഷിത നീക്കത്തില്‍ ജീവനക്കാരും അമ്ബരന്നു.

വിമാനത്തിന് പുറത്തേക്ക് ഓടി ഇറങ്ങിയ യുവതിയെ ഗ്രൗണ്ട് സ്റ്റാഫ് വളഞ്ഞെങ്കിലും അവർ ഗ്രൗണ്ട് സ്റ്റാഫിനെയും വെട്ടിച്ച്‌ തലങ്ങും വിലങ്ങും വിമാനത്തിന് സമീപം ഓടിക്കൊണ്ടിരുന്നു. തുടർന്ന് ദുബായി പോലീസ് എത്തി യുവതിയെ കസ്റ്റഡിയില്‍ എടുത്തു.

യുവതിയുടെ യാത്ര മുടങ്ങി. ഇവരുടെ വിലാസം വ്യക്തമായിട്ടില്ല. വിമാനത്തില്‍ ഏറെയും മലയാളികളായിരുന്നു. അതീവ സുരക്ഷ മേഖലയിലുള്ള യുവതിയുടെ പ്രകടനം ആശങ്ക സൃഷ്ടിക്കുകയും വിമാനം പുറപ്പെടാൻ 25 മിനിറ്റ് വൈകുകയും ചെയ്തു. എന്നാല്‍, കൃത്യസമയത്തിന് പത്ത് മിനിറ്റ് മുമ്ബ് വിമാനം കണ്ണൂരില്‍ ലാൻഡ് ചെയ്തു.

spot_img

Related Articles

Latest news