തൊഴില്‍ തട്ടിപ്പിനിരയായി റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന മലയാളി യുവാവിന് ദാരുണാന്ത്യം. തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി ബിനില്‍ ബാബുവാണ് യുക്രെയ്ന്‍-റഷ്യ യുദ്ധത്തില്‍ കൊല്ലപ്പെട്ടത്.റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന രണ്ടാമത്തെ മലയാളിയാണ് കൊല്ലപ്പെടുന്നത്.
ബിനില്‍ കൊല്ലപ്പെട്ടത് സംബന്ധിച്ച് ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക അറിയിപ്പ് ബന്ധുക്കള്‍ക്ക് ലഭിച്ചു. ബിനിലിനൊപ്പം റഷ്യയില്‍ ജോലിക്കു പോയ ജെയ്ന്‍ കുര്യനും യുദ്ധത്തില്‍ ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. ജെയ്ന്‍ കുര്യന്‍ മോസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.
മലയാളി യുവാക്കളെ നാട്ടിലെത്തിക്കുന്നതിനായി കഴിഞ്ഞ കുറച്ചു മാസങ്ങളായി കുടുംബം ശ്രമം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അധികൃതരുടെ ഇടപെടല്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് വീണ്ടും ഒരു മലയാളിയുടെ കൂടി ജീവന്‍ പൊലിഞ്ഞത്.തൃശൂര്‍ സ്വദേശി സന്ദീപ് ചന്ദ്രന്‍ എന്ന യുവാവ് യുദ്ധത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരം പുറംലോകമറിയുന്നത്.
ബിനിലിനും ജെയ്നും സന്ദീപ് ചന്ദ്രനും മലയാളികളായ മറ്റ് മൂന്ന് പേര്‍ക്കൊപ്പമാണ് കഴിഞ്ഞ ഏപ്രില്‍ ആദ്യവാരം റഷ്യയിലെത്തിയത്. തൊഴില്‍ത്തട്ടിപ്പിന് ഇരായി കൂലിപ്പട്ടാളത്തില്‍ ചേരേണ്ടി വന്നു. ജോലിക്ക് കയറി മാസങ്ങള്‍ക്കകം യുക്രെയ്ന്‍-റഷ്യ യുദ്ധ ബാധിത മേഖലയില്‍ വച്ച് സന്ദീപ് കൊല്ലപ്പെട്ടു. പക്ഷെ മകന്റെ മൃതദേഹം വിട്ടു കിട്ടുന്നതിനും ഒരു നോക്ക് കാണുന്നതിനുംഒന്നര മാസത്തിലധികമാണ് ബന്ധുക്കള്‍ക്ക് കാത്തിരിക്കേണ്ടി വന്നത്.അതേസമയം നാട്ടിലേക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞ മറ്റുള്ളവര്‍ക്കാപ്പം ബിനിലിനും ജെയിനിനും തിരികെ വരാനായില്ല. മോചനം കാത്ത് നാല് മാസത്തോളം റഷ്യന്‍ പട്ടാളത്തിന്റെ ഷെല്‍ട്ടര്‍ ക്യാമ്പില്‍ കഴിഞ്ഞു. ബിനിലിന്റെയും ജെയ്നിന്റെയും കാര്യത്തില്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവിടെ നിന്നും വീണ്ടും യുദ്ധമുഖത്തേക്ക് തിരികെ മടങ്ങാന്‍ സൈന്യം ആവശ്യപ്പെട്ടതായി ഇവര്‍ കുടുംബങ്ങളെ അറിയിച്ചിരുന്നു.