തിരുവനന്തപുരം: മന്ത്രിയായിരിക്കെ, കെ.ടി. ജലീൽ അഞ്ചു വർഷത്തിനിടെ ചെന്നുചാടിയത് എണ്ണമറ്റ വിവാദങ്ങളിൽ. തദ്ദേശസ്വയംഭരണ മന്ത്രിയായി ഭരണം തുടങ്ങിയ ജലീൽ പാർട്ടി ഉദ്ദേശിക്കുന്ന തരത്തിൽ ഉയർന്നില്ലെന്ന് വിമർശനമുണ്ടായി. മന്ത്രിസഭ പുനഃസംഘടനയിൽ ജലീലിന് തദ്ദേശ വകുപ്പ് നഷ്ടമായി. വിദ്യാഭ്യാസ വകുപ്പ് വിഭജിച്ച് ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടി പ്രത്യേകം മന്ത്രിയെ നിയോഗിച്ചാണ് പുനഃസംഘടനയിൽ ജലീലിന് പിണറായി വിജയൻ ഇരിപ്പിടം ഉറപ്പാക്കിയത്.
ഉന്നത വിദ്യാഭ്യാസ വകുപ്പിെൻറ ചുമതലയിലേക്ക് മാറിയതോടെയാണ് ജലീൽ നിരന്തരം വിവാദങ്ങളിൽ അകപ്പെട്ടത്. സ്വയംഭരണാവകാശമുള്ള സർവകലാശാലകളിൽ മന്ത്രി നേരിട്ട് അദാലത്തുകൾ നടത്തിയത് വിവാദമായി. സാേങ്കതിക സർവകലാശാലയിൽ മന്ത്രി നടത്തിയ അദാലത്തിൽ ബി.ടെക് പരീക്ഷ തോറ്റ വിദ്യാർഥിയുടെ ഉത്തരക്കടലാസ് ചട്ടവിരുദ്ധമായി മൂന്നാം തവണയും മൂല്യനിർണയം നടത്താനുള്ള തീരുമാനമെടുക്കുകയും ഇതുവഴി വിദ്യാർഥി ജയിച്ച സംഭവവുമുണ്ടായി. ഇത് ഗവർണർക്കുമുന്നിൽ പരാതിയായി എത്തി. മന്ത്രിയുടെ നടപടിയെ ഗവർണർ വിമർശിക്കുകയും നടപടികൾ ക്രമവിരുദ്ധമെന്ന് ഉത്തരവിറക്കുകയും ചെയ്തു.