കൊച്ചി:മാടവനയില്‍ സ്വകാര്യ ബസ് മറണിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഇടുക്കി സ്വദേശി ജിജോ സെബാസ്റ്റ്യൻ ആണ് മരിച്ചത്.അപകടത്തില്‍ 13 പേർക്ക് പരിക്കേറ്റു. ബെംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കല്ലട ബസാണ് അപകടത്തില്‍പ്പെട്ടത്. വൈറ്റിലയില്‍ നിന്ന് അരൂർ ഭാഗത്തേക്ക് പോകുമ്പോള്‍ മാടവന ജംങ്ഷന് സമീപം ദേശീയപാതയ്ക്ക് കുറുകെ മറിയുകയായിരുന്നു. ബസിനടിയില്‍ കുടുങ്ങിയ ജിജോ ഏറെ നേരം ചോരവാർന്ന് കിടന്നതായാണ് റിപ്പോർട്ട്. ബാംഗ്ലൂരില്‍നിന്ന് വർക്കലയിലേക്ക് പോവുകയായിരുന്ന എൻഎല്‍ 01 ജി 2864 റജിസ്ട്രേഷനുള്ള കല്ലട ബസ്സാണ് അപകടത്തില്‍ പെട്ടത്. ദേശീയപാതയ്ക്ക് കുറുകെയാണ് ബസ് മറിഞ്ഞത്.റെഡ് സിഗ്നല്‍ വന്നതോടെ ബസ് നിർത്താനുള്ള ശ്രമത്തില്‍ സഡൻ ബ്രേക്കിട്ടതാണ് അപകടത്തിനു കാരണമായന്നാണ് പ്രാഥമിക നിഗമനം. ഇതോടെ നിയന്ത്രണം നഷ്ടമായ ബസ് സമീപം നിർത്തിയിട്ട ബൈക്കിനു മുകളിലേക്ക് മറയുകയായിരുന്നു.മറിഞ്ഞ ബസിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരെ രക്ഷാപ്രവർത്തകർ പുറത്തെടുത്ത് ആശുപത്രിയിലേക്കു മാറ്റി. ഏഴു പേരെ മരട് ലേക്ക്ഷോർ ആശുപത്രിയിലേക്കും മറ്റുള്ളവരെ സമീപ ആശുപത്രികളിലേക്കുമാണ് മാറ്റിയിരിക്കുന്നത്. അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് ബസ് നീക്കിയ ശേഷമാണ് ബൈക്ക് യാത്രക്കാരനെ പുറത്തെടുത്തത്.