പ്രധാനമന്ത്രിയുടെ സുരക്ഷക്കായി റോഡിൽ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി, സ്കൂട്ടർ യാത്രികൻ മരിച്ചു

കൊച്ചി: എറണാകുളത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷക്കായി റോഡില്‍ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. വടുതല സ്വദേശി മനോജ് ഉണ്ണിയാണ് മരിച്ചത്.

വളഞ്ഞമ്പലത്ത് ഞായറാഴ്ച രാത്രി 10ഓടെയാണ് അപകടമുണ്ടായത്. എസ്.എ റോഡിൽനിന്ന് വന്ന് എം.ജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയർ കെട്ടിയിരുന്നത്. തങ്ങൾ കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് അപകടത്തിൽ പെട്ടതെന്നാണ് പൊലീസ് പറയുന്നത്. മനോജിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ അർധ രാത്രി ഒന്നരയോടെയാണ് മരിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മോദി കൊച്ചിയിലെത്തിയത്. തൃശൂരിലും തിരുവനന്തപുരത്തും സ്ഥാനാർഥികളുടെ പ്രചാരണ പരിപാടികളിലാണ് മോദി പങ്കെടുക്കുന്നത്. കുന്നംകുളത്ത് രാവിലെ 11നാണ് ആദ്യ പൊതുയോഗം. തൃശൂർ, ആലത്തൂർ, പാലക്കാട് മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർഥികൾക്കുവേണ്ടി വോട്ട് അഭ്യർഥിക്കും. പിന്നാലെ തിരുവനന്തപുരത്തേക്ക് പുറപ്പെടും. കാട്ടാക്കട ക്രിസ്ത്യൻ കോളജ് മൈതാനത്ത് പൊതുയോഗത്തിൽ പങ്കെടുക്കും.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം മോദിയുടെ രണ്ടാം കേരള സന്ദര്‍ശനമാണിത്. മാര്‍ച്ച് 19ന് പാലക്കാട്ടും പത്തനംതിട്ടയിലും മോദി പ്രചാരണത്തിനെത്തിയിരുന്നു.

spot_img

Related Articles

Latest news