തലസ്ഥാനത്ത് നഗരൂരില്‍ സ്കൂള്‍ ബസ് വയലിലേക്ക് മറിഞ്ഞ് അപകടം. വെള്ളല്ലൂർ ഗവണ്‍മെന്റ് എല്‍പി സ്കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്.ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. കുട്ടികളുമായി പോയ ബസ് റോഡില്‍ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട് വയലിലേക്ക് മറിയുകയായിരുന്നു.
25 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. അപകടത്തില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. ഒരു കുട്ടിയുടെ കെെ ബസിനടിയില്‍ കുടുങ്ങുകയായിരുന്നു. 23 കുട്ടികള്‍ക്ക് സാരമായ പ്രശ്നങ്ങളില്ല. അപകടം നടന്നതിന് പിന്നാലെ നാട്ടുകാരടക്കം ചേർന്നാണ് ബസിലുണ്ടായിരുന്ന കുട്ടികളെ പുറത്തെത്തിച്ചത്.
എല്ലാ കുട്ടികളെയും കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇവർക്ക് പരിക്കേറ്റിട്ടുണ്ടോയെന്നടക്കം പരിശോധിച്ച് പ്രാഥമിക ചികിത്സ നല്‍കും. റോഡിന് വീതികുറഞ്ഞ ഭാഗമാണെന്നും നനവുണ്ടായിരുന്നുവെന്നും നഗരൂർ പഞ്ചായത്തംഗം എം രഘു പറഞ്ഞു. മഴ കാരണം റോഡിലെ ചെളിയില്‍ വാഹനം തെന്നി നീങ്ങിയതാണ് അപകടകാരണമെന്നും റോഡിലെ പ്രശ്നം പരിഹരിക്കുമെന്നും രഘു വ്യക്തമാക്കി.