പാലക്കാട്: ഡി.സി.സി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട ഭിന്നതയെ തുടർന്ന് പാലക്കാട്ടെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ എ.വി. ഗോപിനാഥ് പാർട്ടി വിട്ടു. പാർട്ടി വിടുന്നതിന്റെ ഭാഗമായി കോൺഗ്രസ് പ്രാഥമിക അംഗത്വം ഗോപിനാഥ് രാജിവെച്ചു. രാവിലെ അനുയായികളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സ്വദേശമായ പെരിങ്ങോട്ടുകുറുശ്ശിയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് ഗോപിനാഥ് രാജി പ്രഖ്യാപിച്ചത്.
കോൺഗ്രസിന് വേണ്ടിയാണ് ജീവിതം ഉഴിഞ്ഞുവെച്ചതെന്നും 50 വർഷം നീണ്ട കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചെന്നും ഗോപിനാഥ് പറഞ്ഞു. മനസിനെ തളർത്തുന്ന സംഭവങ്ങൾ നേതാക്കളിൽ നിന്ന് ഉണ്ടാകുന്നത് കൊണ്ടാണ് രാജിവെക്കുന്നത്. പാർട്ടിയുടെ മുന്നോട്ടു പോക്കിന് താൻ തടസമാകുമോ എന്ന ഭീതിയാണ് രാജിക്ക് കാരണം. പ്രതീക്ഷ ഇല്ലാത്ത യാത്ര അവസാനിപ്പിക്കാൻ മനസ് പറയുന്നുവെന്നും എ.വി ഗോപിനാഥ് വ്യക്തമാക്കി.