കോഴിക്കോട് ബീച്ച് റോഡിൽ വെള്ളയിൽ ഭാഗത്ത് പരസ്യ റീൽസ് ചിത്രീകരിക്കുന്നതിനിടയിൽ സുഹൃത്തിന്റെ വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം. വടകര കടമേരി സ്വദേശി ടികെ ആൽവിൻ(21) ആണ് മരിച്ചത്. വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ കൂട്ടത്തിലെ ഒരു വാഹനം ഇടിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ 7.30 ഓടെയായിരുന്നു അപകടം. ആൽവിൻ മൊബൈൽ ഉപയോഗിച്ച് റോഡിൽ നിന്നും വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാർ ആൽവിന്റെ മേലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. ഉടനെ ഒപ്പം ഉണ്ടായിരുന്ന യുവാക്കൾ ആൽവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
വാഹനങ്ങൾ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രണ്ട് വാഹനങ്ങളാണ് ഉണ്ടായിരുന്നത് എന്നാണ് സൂചന. അശ്രദ്ധമായ ഡ്രൈവിങ് ആണ് അപകടം ഉണ്ടാക്കിയതെന്നാണ് പോലീസിന്റെ നിഗമനം. പോലീസ് ഉടൻ യുവാക്കളുടെ മൊഴി രേഖപ്പെടുത്തും.